ന്യൂദല്‍ഹി: 2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ അടിസ്ഥാനപരമായി മാറിയെന്നും ഇക്കാലയളവില്‍ സംഭവിച്ച മികച്ച പത്ത് മാറ്റങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ നിര്‍ണ്ണായക ശക്തിയാക്കിയെന്ന് അമേരിക്കയിലെ നിക്ഷേപകസ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി. ഇന്ത്യ ഇക്കാലയളവില്‍ ഏഷ്യയിലെ പ്രധാന ശക്തിയായും മാറിയെന്നും മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോദി 2014ല്‍ വന്നതിന് ശേഷം ജിഡിപി നിരക്ക് (മൊത്ത ആഭ്യന്ത ഉല്പാദനം) തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കയറ്റുമതി വിപണിയുടെ വിഹിതം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ഇത് 2031ഓടെ ഇരട്ടിയായി മാറും. 2013ലെ ഇന്ത്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇന്ത്യയാണ് ഇപ്പോഴുള്ളതെന്നും മോര്ഗന് സ്റ്റാന്‍ലി പറയുന്നു. അടുത്ത ദശകത്തില്‍ ആഗോള വളര്‍ച്ചയുടെ അഞ്ചിലൊന്നിന് ഉത്തേജകം നല്കുന്ന ഇന്ത്യയായിരിക്കുമെന്നും മോര്ഗന് സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.
കോര്‍പറേറ്റ് നികുതി ഏകീകരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി കൂടുതല്‍ നിക്ഷേപമിറക്കിയതോടെ ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടായി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ അക്കൗണ്ടുകളിലേക്ക് നേരിട്ട് സബ്സിഡി കൈമാറുന്നതും വലിയ മാറ്റം കൊണ്ടുവന്നു. കോര്‍പറേറ്റുകള്‍ പാപ്പരാകുമ്പോള്‍ കൈകാര്യം ചെയ്യുന്ന നടപടികളില്‍ മാറ്റം വരുത്തിയത് ഇത്തരം കമ്പനികളുടെ ആസ്തികള്‍ വേഗം വിറ്റ് വായ്പ നല്കിയ ബാങ്കുകള്‍ക്ക് തുക എളുപ്പം തിരിച്ചുപിടിക്കാനുവുന്നത് വലിയ മാറ്റമാണ്. – മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ് ഘടനയായി ഇന്ത്യ മാറുകയും കഴിഞ്ഞ 25 വര്‍ഷമായി ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്തുന്ന ഓഹരി വിപണിയായി ഇന്ത്യ തുടരുകയും ചെയ്യന്നുണ്ടെങ്കിലും സാധ്യതകള്‍ക്കൊത്ത് ഇന്ത്യ സംഭാവന ചെയ്യുന്നില്ലെന്ന വിദേശ നിക്ഷേപകരുടെ പരാതി ഉണ്ട്. എങ്കിലും ഈ പരാതികളെയെല്ലാം മായ്ച്ചുകളയുന്ന ഘടനപരമായ മാറ്റങ്ങളാണ് മോദി പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ഇന്ത്യയ്ക്ക് നല്‍കിയതെന്ന് മോര്ഗന് സ്റ്റാന്‍ലി നിരീക്ഷിക്കുന്നു.
വ്യത്യസ്തമായ കേന്ദ്ര-സംസ്ഥാന നികുതികള്‍ ജിഎസ്ടിയുടെ കീഴില്‍ ഇന്ത്യയിലെവിടെയും ഒരു നിരക്കാക്കിയത് വലിയ ഘടനമാറ്റമാണ് കൊണ്ടുവന്നത്. ഈ ഏകീകൃത നികുതി സമ്പ്രദായം ഒട്ടേറെ ആശക്കുഴപ്പങ്ങള്‍ ഇല്ലാതാക്കിയെന്നും മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് മാത്രം പ്രത്യേകം നിയമം കൊണ്ടുവന്നതും നാണ്യപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നതില്‍ അയവുള്ള സമീപനം കൊണ്ടുവന്നതും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഊന്നല്‍ നല്കിയതും സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്ക് കുതിപ്പുണ്ടാക്കി. കോര്‍പറേറ്റ് ലാഭത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതും വലിയ ആത്മവിശ്വാസം കോര്‍പറേറ്റ് മേഖലയില്‍ ഉണ്ടാക്കി. – മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: