ന്യൂദല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, അടല്‍ പെന്ഷന് യോജന എന്നിവ നടപ്പിലായിട്ട് ഇന്ന് എട്ട് വര്‍ഷം തികഞ്ഞു.
പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വച്ച് 2015ല്‍ ഇതേ ദിവസമാണ് ഈ മൂന്ന് പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.
അസംഘടിത വിഭാഗത്തിലുളളവര്‍ക്ക് സാമ്പത്തികമായി സുരക്ഷിതത്വം നല്‍കുന്നതിനായി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന എന്നീ രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. വാര്ദ്ധക്യകാലത്തെ ആവശ്യങ്ങള്‍ക്കായി അടല്‍ പെന്ഷന് യോജനയും കൊണ്ടുവന്നു.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. വര്‍ഷം തോറും പുതുക്കാനാകും. ഏതെങ്കിലും കാരണത്താല്‍ മരണമുണ്ടായാല്‍ രണ്ട ലക്ഷം രൂപ ലഭിക്കും. പ്രതിവര്‍ഷം 436 രൂപയാണ് പ്രീമിയം.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വര്‍ഷം തോറും പുതുക്കാവുന്ന ഒരു വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അപകടത്തെ തുടര്‍ന്നുള്ള മരണം വൈകല്യം എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്. 20 രൂപയാണ് പ്രതിവര്‍ഷ പ്രീമിയം.
അടല്‍ പെന്ഷന് യോജനയിലൂടെ മാസം തോറും നല്കുന്ന തുകയെ അടിസ്ഥാനമാക്കി ഉപയോക്താവിന് 60 വയസിന് ശേഷം കുറഞ്ഞത് ആയിരം മുതല്‍ അയ്യായിരം വരെ പ്രതിമാസ പെന്ഷന് ലഭിക്കും.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജനയില്‍ 16 കോടിയിലധികം ആളുകള്‍ അംഗങ്ങളാണുളളത്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയില്‍ 34 കോടിയിലധികം പേര് അംഗങ്ങളായുണ്ട്. അഞ്ച് കോടിയിലധികം ആളുകള്‍ അടല്‍ പെന്ഷന് യോജനയില്‍ ചേര്‍ന്നിട്ടുണ്ട്.
പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന പദ്ധതിയിലൂടെ ഇതിനകം 664000 കുടുംബങ്ങള്‍ക്ക് 13,000 കോടി രൂപയില്‍ കൂടുതല്‍ നല്കി കഴിഞ്ഞതായി ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയിലൂടെ 115,000 കുടുംബങ്ങള്‍ക്ക് 2300 കോടി രൂപ നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ ലളിതമാക്കിയത് പണം വേഗത്തില്‍ നല്‍കുന്നതിന് കാരണമായെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: