തൃശൂര്‍: ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോട്ടയ്‌ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
റിഷാനയുടെ ആരോഗ്യ നില സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പൂങ്കുന്നത്തെ വാടക വീട്ടിൽ പ്രവീൺ നാഥിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയാണ് പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന രീതിയില്‍ പ്രവീണ്‍ ശ്രദ്ധേയനായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന്റെ തുടർച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.
പാലക്കാട് നെന്മാറയാണ് പ്രവീണിന്റെ സ്വദേശം. അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്‌മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്‌മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
















