ന്യൂദല്‍ഹി: അടല്‍പെന്‍ഷന്‍ യോജനയ്ക്ക് (എപിവൈ) കീഴില്‍ അംഗത്വം എടുത്തവരുടെ മൊത്തം എണ്ണം 2023 മാര്‍ച്ച് 31ന് 5.20 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 99 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.19 കോടിയിലധികം പുതിയ വരിക്കാരെ പദ്ധതിയില്‍ ചേര്‍ത്തു. ഇത് 20% ത്തിലധികം വളര്‍ച്ച കാണിക്കുന്നു. ഇന്നുവരെ, എപിവൈയില്‍ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) 27,200 കോടി രൂപയില്‍ കൂടുതലാണ്. പദ്ധതിയുടെ തുടക്കം മുതല്‍ 8.69% നിക്ഷേപ വരുമാനവും ഇത് സൃഷ്ടിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) വിഭാഗത്തില്‍ 9 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ (ആര്‍ആര്‍ബി) വിഭാഗത്തില്‍ 32 ബാങ്കുകള്‍ വാര്‍ഷിക ലക്ഷ്യം കൈവരിച്ചു. കൂടാതെ, ബീഹാര്‍, ജാര്‍ഖണ്ഡ്, അസം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാന്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ 12 സംസ്ഥാനങ്ങളും അതത് സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റിയുടെ (എസ്എല്ബിസികള്) സഹായത്തോടും പിന്തുണയോടും കൂടി വാര്‍ഷിക ലക്ഷ്യങ്ങള്‍ നേടിയെടുത്തു.
എസ്എല്ബിസികളുമായും ആര്ആര്ബികളുമായും ഏകോപിപ്പിച്ച് പിഎഫ്ആര്‍ഡിഎ 47 എപിവൈ ബോധവത്കരണ പരിപാടികളും ടൗണ്‍ ഹാള്‍ യോഗങ്ങളും ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി. ആധാര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സൗകര്യം ആരംഭിക്കല്‍, നവീകരിച്ച എപിവൈ ആപ്പിന് തുടക്കം കുറിക്കല്‍, എപിവൈയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള 17 പോഡ്കാസ്റ്റുകള്‍, എപിവൈയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ തേടുന്നതിനുള്ള ചാറ്റ്ബോട്ട് സൗകര്യം തുടങ്ങി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു.
എപിവൈ പ്രകാരം, ഒരു വരിക്കാരന്, അയാളുടെ വിഹിതം അനുസരിച്ച്, ആജീവനാന്ത മിനിമം ഗ്യാരണ്ടിയുള്ള പെന്ഷന്, അതായത് പ്രതിമാസം 1,000 മുതല്‍ 5,000 രൂപ വരെ 60 വയസ്സ് മുതല്‍ ലഭിക്കും. അജഥയില് ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടുകയും ചെയ്യും. വരിക്കാരന്റെ മരണശേഷം അതേ പെന്ഷന് ജീവിതപങ്കാളിക്ക് നല്‍കും. വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സ്വരൂപിച്ച പെന്ഷന് സമ്പത്ത് നോമിനിക്ക് തിരികെ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: