സുനീഷ് മണ്ണത്തൂര്‍
യുവസംവിധയകനായ നന്ദകുമാര്‍, ഒരു അസിസ്റ്റന്റു പോലും ഇല്ലാതെ ഒറ്റയ്ക്ക് ഒരു സിനിമയുടെ എല്ലാ ടെക്നിക്കല്‍ ജോലികളും സ്വയം ചെയ്ത് തുടര്‍ച്ചയായി അമ്പത് മണിക്കൂര്‍കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ‘ദുരാത്മാവ്.’
ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാള്‍ ഒറ്റയ്ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വച്ച് പത്തു ലൊക്കേഷനില്‍ ചിത്രീകരിച്ച’ദുരാത്മാവ് ‘ഉടന്‍ തീയേറ്ററില്‍ എത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത് അമ്പത് മണിക്കൂറില്‍ തീര്‍ത്ത ലോകത്തിലെ ആദ്യത്തെ സിനിമ എന്ന പേരില്‍ ‘ദുരാത്മാവ്’ അറിയപ്പെടും.
ഇമ്മീഡിയറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഈ സിനിമയുടെ ഒരു മിനിറ്റുള്ള പ്രോമോ സോങ് റിലീസ് ചെയ്തു. നന്ദകുമാര്‍ പടം എന്ന ഒരു ടൈറ്റില്‍ അല്ലാതെ മറ്റൊന്നുമില്ല. മൂന്നു പാട്ടും ഈ സിനിമയില്‍ ഉണ്ട്. ഷൂട്ട് പൂര്‍ത്തിയാക്കി ഏറ്റവും പെട്ടെന്ന് തിയേറ്ററില്‍ റിലീസ് ആവുന്ന സിനിമ വിശേഷണവും ഈ സിനിമയ്ക്ക് ലഭിക്കും. ‘ദൈവവും പിശാചും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം പറയുന്ന സിനിമയാണ്.
സംവിധായകന് നന്ദകുമാര്‍ സംസാരിക്കുന്നു.
എല്ലാം ഒറ്റയ്ക്ക്. ഈ ഒരു ആശയം കൊണ്ടുവരുവാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു.
2004 മുതല്‍ ഞാന്‍ ഇതിനായി പ്രേത്നിക്കുന്നുണ്ട്. പലരുടേയും അടുക്കല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി അന്വേഷിച്ച് ചെന്നെങ്കിലും അവഗണന മാത്രമേ കിട്ടിയിരുന്നുള്ളൂ. പക്ഷേ ഞാന്‍ മലയാളം, തമിഴ്, കന്നട ഭാഷകളിലായി 50 ഓളം പടങ്ങളില്‍ വിവിധ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. ഡി.ഐ. മിക്സിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്ത് എനിക്ക് പരിചയമുണ്ട്. എല്ലായിടത്തു നിന്നും അവഗണന നേരിട്ടപ്പോള്‍ എങ്ങനെ ഇത് ഒറ്റയ്ക്ക് ചെയ്യാം എന്ന് ചിന്തിച്ചു. അതിനായി അറിയാത്ത കാര്യങ്ങള്‍ പഠിച്ചെടുത്തു. സംവിധായകന് വിനയന്, സുകുമാര്‍, തമിഴ് സംവിധായകന് ബാല, ക്യാമറാമാന് ജോമോന് ടി. ജോണ്‍ എന്നിവരില്‍ നിന്ന് ടെക്നിക്കല്‍ കാര്യങ്ങള്‍ മനസ്സിലാക്കി.
- ചിത്രീകരണത്തിന് എപ്പോഴെങ്കിലും പ്രതിസന്ധിനേരിട്ടോ?
ഇല്ല. പക്ഷേ പലരുടേയും നെഗറ്റീവ് അഭിപ്രായം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.
- ‘ദുരാത്മാവ്’. ഈ തീംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ കാഴ്ചകളാണ് ചിത്രത്തിലൂടെ പകര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നത്.
- ചിത്രീകരണം എവിടെ വച്ചായിരുന്നു?
ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. വിഷുവിന് മുമ്പ് റിലീസ് ചെയ്യണമെന്നാണ് ലക്ഷ്യം ഇടുന്നത്. ചിത്രം സെന്‍സറിംഗിന് വിട്ടിരിക്കുകയാണ്.
- മറ്റേതെങ്കിലും പ്രൊജക്ടുകള്‍ ഉണ്ടോ?
ഞാന്‍ സംവിധാനം ചെയ്ത് അജീവര്ഗീസ്, അപ്പാനി ശരത്, സലിംകുമാര്‍ എന്നിവര്‍ അഭിനയിച്ച് ബ്ലാസ്റ്റേഴ്സ് എന്ന് ചിത്രം റിലീസ് ചെയ്യാനുണ്ട്. ഇനിയും ഒറ്റയ്ക്ക് എല്ലാ ടെക്നിക്കല്‍ ജോലികളും സ്വയം ചെയ്തുകൊണ്ട് സിനിമ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: