തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെ അപ്പാടെ വിഴുങ്ങാന്‍ സിപിഎം കപടവാഗ്ദാനങ്ങളുമായി കെട്ടിപ്പടുത്ത കേരള ബാങ്ക് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നടത്തിപ്പില്‍ പിടിപ്പുകേടും ധൂര്‍ത്തുമെന്ന് ആരോപണം. കേരള ബാങ്കിനെക്കുറിച്ച് സര്‍ക്കാരും സിപിഎം നേതൃത്വവും പറഞ്ഞു പറ്റിച്ചെന്ന് ജീവനക്കാര്‍.
2019 നവംബര്‍ 29ന് കേരള ബാങ്കിന് തുടക്കം കുറിക്കുമ്പോള്‍ പ്രതീക്ഷയോടെ ഒപ്പം നിന്ന ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധത്തിലാണ്. കളക്ഷന്‍ ഏജന്റുമാരായി ഒപ്പം നിന്ന 740 പേര്‍ ബാങ്ക് ആസ്ഥാനത്ത് കുടില്‍കെട്ടി സമരം ആരംഭിച്ചു. നിരാഹാര സമരത്തിനെത്തിയ ഇവരെ സമരപ്പന്തല്‍ പൊളിച്ച് പോലീസ് ആട്ടിപ്പുറത്താക്കി. കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികദിനം തങ്ങളുടെ ചരമദിനത്തിന് തുല്യമായെന്ന് കളക്ഷന്‍ ഏജന്റുമാര്‍ കൂട്ടത്തോടെ വിലപിക്കുന്നു. ബാങ്കില്‍ അടിമുടി അഴിമതിയും ധൂര്‍ത്തും എന്നും ആരോപണമുണ്ട്.
ബാങ്ക് ആസ്ഥാനത്ത് സമരം ചെയ്യുന്ന 750 ഓളം കളക്ഷന്‍ ഏജന്റുമാരിലധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. സംസ്ഥാനത്തെ പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് നിലവില്‍ വന്നത്. അന്നുണ്ടായിരുന്ന ജീവനക്കാരുടെ പ്രമോഷനും ആനുകൂല്യങ്ങളും ഏകീകരിച്ച് നടപ്പാക്കിയിരുന്നു. എന്നാല്‍ അന്നുമുതലുണ്ടായിരുന്ന കളക്ഷന്‍ ഏജന്റുമാരുടെ തൊഴിലിലിലും വരുമാനത്തിലും ആനുകൂല്യങ്ങളിലും ഏകീകരണം വരുത്തിയില്ല. നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തസ്തിക പുനര്‍നാമകരണം നടത്തി പാര്‍ട്ട് ടൈം സ്വീപ്പര്‍ക്ക് സമാനമായ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ശമ്പള സ്‌കെയിലോടെ നിയമിക്കുന്നതിനായി കേരള ബാങ്ക് ഭരണസമിതി ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കി. സഹകരണ രജിസ്റ്റാര്‍ പ്രൊപ്പോസലിന് അംഗീകാരം നല്‍കി സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ 20 മാസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തുടര്‍നടപടികളുണ്ടായില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചാല്‍ മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ അന്വേഷിച്ചാല്‍ അവര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ല. നിയമനത്തില്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ ഇടുക്കി, കോട്ടയം, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലെ കളക്ഷന്‍ ജീവനക്കാര്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.
കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് 823 ശാഖകളിലും ഹെഡ് ഓഫീസിലും റീജിയണല്‍-ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നത്. പ്രഖ്യാപിച്ച ഡിഎ ഇതുവരെ നല്‍കിയിട്ടില്ല. നിയമനങ്ങള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിന് പിന്നിലും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: