കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 1951ല്‍ ദേശീയ കക്ഷിയായതാണ്. ഏറെക്കാലം ഇന്ത്യയിലെ രണ്ടാമത്തെ കക്ഷി. 1964ല്‍ പാര്‍ട്ടി ആദ്യമായി പിളര്‍ന്നു. അതിനുശേഷം ഒരുപാട് പിളര്‍പ്പ്. പാര്‍ട്ടി പലതായി. ചെറുതുമായി. ഇന്നിപ്പോള്‍ 1951 മുതല്‍ ദേശീയ കക്ഷിപദവി അലങ്കരിച്ച് ആനുകൂല്യങ്ങളും അവസരങ്ങളും ഉപയോഗിച്ചുവരുന്ന ആ കക്ഷിക്ക് ദേശീയപദവി നഷ്ടപ്പെട്ടു. ആദ്യപിളര്‍പ്പിനെ തുടര്‍ന്ന് രൂപംകൊണ്ട കക്ഷി സിപിഐ(എം) എന്ന പേരാണ് സ്വീകരിച്ചത്. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്). പ്രസവ വാര്‍ഡ് ബ്രാക്കറ്റില്‍ സ്ത്രീകള്‍ക്കുള്ളത് എന്ന തമാശ പോലെയാണ് മാര്‍ക്‌സിസ്റ്റ് സ്ഥാനം പിടിച്ചത്. ഈ കക്ഷിക്ക് നേരത്തെ തന്നെ സ്ഥാനം നഷ്ടപ്പെട്ടതാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഔദാര്യം മൂലം മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി സ്ഥാനത്തിരിക്കുന്നു എന്നുമാത്രം. തവിടു തിന്നാലും തകൃതി വിടില്ല എന്ന ഭാവം മുറുകെ പിടിക്കുന്ന കക്ഷി.
സിപിഐയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. 1970 മുതല്‍ കോണ്‍ഗ്രസിന്റെ ചിറകിലേറിയാണ് ലോക സഞ്ചാരം. അടിയന്തിരാവസ്ഥയടക്കം 6 വര്‍ഷം മുഖ്യമന്ത്രിയായി കേരളം ഭരിച്ചത് സിപിഐക്കാരനായ സി.അച്യുതമേനോനാണല്ലൊ. ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തിരാവസ്ഥയെന്ന തത്ത്വികാഭിപ്രായം വിളമ്പിയ മുഖ്യമന്ത്രിയായിരുന്നല്ലൊ അച്യുതമേനോന്‍. കോണ്‍ഗ്രസുമായി സിപിഐ സഖ്യം ചെയ്തതിനെ അന്നേറെ എതിര്‍ക്കാന്‍ സിപിഎം ഉണ്ടായിരുന്നു. അന്ന് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം തന്നെ ഒന്നാന്തരം തെളിവായിരുന്നു. ‘ചെലാട്ടച്ചുചെറ്റചെറ്റ, വെക്കെട ചെറ്റേ ചെങ്കൊടി താഴെ’ എന്നത് അന്നും എന്നും ഇന്നും ഓര്‍മ്മവരുന്ന മുദ്രാവാക്യമായിരുന്നു. അതുകഴിഞ്ഞ് ഭാരതപുഴയിലൂടെ വെള്ളം ഒരുപാടൊഴുകി.
മുദ്രാവാക്യങ്ങള്‍ക്ക് തേയ്മാനം വന്നു. സിപിഐയേക്കാള്‍ കോണ്‍ഗ്രസുമായി ചേരാന്‍ പാടുപെടുകയാണ് സിപിഎം. കേരളത്തിലെ നിലപാടുകളോടാണവര്‍ക്ക് എതിര്‍പ്പ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് ദേശീയ പ്രതിപക്ഷ ഐക്യത്തിന് ഒട്ടും ചേരാത്തതാണെന്നാണ് അവരുടെ പരിഭവം. അല്ലെങ്കില്‍ പരാതി. അത് നോക്കിയാല്‍ അതേറെ ശരിയുമാണ്. പശ്ചിമബംഗാളില്‍ കണ്ടില്ലെ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചായിരുന്നു മത്സരിച്ചത്. ത്രിപുരയിലും ആ പണിതുടര്‍ന്നു. എന്തായിരുന്നു ഫലം. ത്രിപുരയില്‍ അതിനുമുന്‍പ് പ്രതിപക്ഷനേതൃസ്ഥാനം സിപിഎമ്മിനുണ്ടായിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ അത് പോയിക്കിട്ടി. തമിഴ്‌നാട്ടില്‍ എല്ലാ കക്ഷികളും ഒരുകൈ ഒരുമെയ് എന്ന മട്ടിലായിട്ട് വര്‍ഷങ്ങളായി. കോണ്‍ഗ്രസും സിപിഐയും സിപിഎമ്മും മുസ്ലീംലീഗുമെല്ലാം ഒറ്റക്കുടക്കീഴില്‍.
കേരളത്തില്‍ തത്വം പറഞ്ഞ് തര്‍ക്കിക്കുകയും പറ്റാവുന്ന സ്ഥാനങ്ങള്‍ക്കെല്ലാം മത്സരിക്കുകയും ചെയ്യുന്ന കക്ഷികള്‍ക്ക് കോയമ്പത്തൂരില്‍ ഒരേ നിലപാട്. കന്യാകുമാരിയിലും കണ്ണേ മുത്തേ എന്ന നിലപാട്. ഇനി കര്‍ണാടകയിലെത്തുമ്പോഴാണ് വിചിത്രമായ വിതണ്ഡവാദം. അവിടെ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കാന്‍ പോകുന്നു. തത്വാധിഷ്ഠിതനിലപാട് ഉടന്‍ പുറത്തുവരും. ബിജെപി വിരുദ്ധ വോട്ടുകള്‍ പല വഴിക്കാകുന്നതിനെ തടയുകയാണെത്രെ ലക്ഷ്യം. ബി.ജെപി മുഖ്യശത്രുവാണെന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഒരു ധര്‍മ്മം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതില്‍ കവിഞ്ഞെന്തുണ്ട്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രഥമവും പ്രാധാന്യവുമുള്ള കടമ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതുതന്നെയാണ്. അത് പ്രസക്തിയും പ്രധാന്യമുള്ള കക്ഷികള്‍ക്കുള്ള ന്യായം. അതില്ലെന്ന് വന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുക തന്നെയല്ലെ അഭികാമ്യം. പ്രസക്തിയില്ലെന്ന് ബോധ്യപ്പെട്ടസ്ഥിതിക്ക് അതങ്ങ് പിരിച്ചുവിട്ടുകൂടെ എന്നതാണ് ന്യായമായ ചോദ്യം.
അതിരുകള്‍ വളരെ ലോലമായിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ തന്ത്രം കര്‍ണാടകയില്‍ വരുന്നു. ഇനി കേരളം മാത്രം എന്തിന് മാറിനില്‍ക്കണമെന്ന ചോദ്യം സ്വാഭാവികമായും സഖാക്കളില്‍ നിന്നുയരാം. കോണ്‍ഗ്രസുകാരിലും ലീഗുകാരിലും ആ ചിന്ത ശക്തിപ്പെട്ടെന്ന് വരാം അതിവേഗം. നേരത്തെ പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ അടച്ചുവാണ പാര്‍ട്ടിയുടെ അടപ്പും തെറിച്ചു. ഇനി കേരളം നിലനിര്‍ത്താന്‍ മറ്റെന്തുവഴി. വന്ദേഭാരതം തീവണ്ടി കൂടി വരുമ്പോള്‍ ഈ ചിന്ത ശക്തിപ്പെടും. ഇങ്ങനെ പോയാല്‍ ഞങ്ങളുടെ കാര്യം പോക്കുതന്നെ എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പമാകും. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുമായി അടുക്കുന്നതിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചതിന്റെ ലക്ഷ്യം മറ്റൊന്നല്ല. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒറ്റമനസ്സോടെ ക്രിസ്ത്യന്‍ മിഷണറിമാരെ ഭീഷണിപ്പെടുത്തുകയാണ്. ആര്‍എസ്എസുകാര്‍ ക്രിസ്ത്യാനികളെ കശാപ്പുചെയ്യുന്നവരാണെന്ന കല്ലുവച്ചനുണ ആവര്‍ത്തിക്കുകയാണ്.
ചൈനയിലും റഷ്യയിലും ക്യൂബയിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം അരിഞ്ഞുതള്ളിയ ക്രിസ്ത്യാനികളുടെ ചരിത്രവും കണക്കും എത്രതന്നെ മുറവിളികൂട്ടിയാലും മറഞ്ഞുപോവുകയില്ല. മാഞ്ഞുപോവുകയുമില്ല. ആര്‍ച്ചുബിഷപ്പിനെ നികൃഷ്ടജീവി എന്നാക്ഷേപിച്ച ഒരേ ഒരു മുഖ്യമന്ത്രിയല്ലെ ഉണ്ടായുള്ളൂ. അതല്ലെ പിണറായി വിജയന്‍. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നതെന്ന് പറയുന്ന പാര്‍ട്ടിയാണല്ലോ കേരളാ കോണ്‍ഗ്രസ്. ഒരിക്കല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍ന്ന് പി.ജെ.ജോസഫ് ഒരു പാര്‍ട്ടിയുണ്ടാക്കി. ഇടതുമുന്നണിയില്‍ ചേരാനായിരുന്നു പി.ജെ.ജോസഫിന് മോഹം. ആഗ്രഹം പ്രകടമാക്കിയപ്പോള്‍ ജോസഫിനോട് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞത് ഓര്‍മ്മയില്ലെ. ‘പള്ളിയേയും പട്ടക്കാരേയും തള്ളി വാ. അപ്പോള്‍ ആലോചിക്കാം.’ ഇന്നും പി.ജെ.ജോസഫുണ്ട്. കോണ്‍ഗ്രസ് മുന്നണിയിലാണെന്നുമാത്രം. എത്രതന്നെ കുതിരതിരിഞ്ഞാലും വാലുപിറകില്‍ തന്നെ എന്ന അവസ്ഥ. മായ്ചാലും മായ്ചാലും മാറാത്ത ചുമരെഴുത്തുകളല്ലെ എല്ലാം. നമ്പൂതിരിപ്പാടിനെ പാടേതള്ളി പി.ജെ. ജോസഫിനെ ഇടതുമുന്നണിയിലെടുത്തു. അതുകഴിഞ്ഞ് കെ.എം.മാണി അഴിമതിയുടെ ആള്‍രൂപമെന്നായിരുന്നു ആക്ഷേപം. നോട്ടെണ്ണുന്ന യന്ത്രം വീട്ടിലുള്ള ഒരേ ഒരു നേതാവാണ് കെ.എം.മാണി എന്നും ആക്ഷേപിച്ചു. ആ കെ.എം.മാണിയുടെ പാര്‍ട്ടിയെ തൊണ്ടതൊടാതെ വിഴുങ്ങി ദഹനക്കേടുമായി നടക്കുകയാണ് സിപിഎം. എന്താല്ലെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: