Categories: Kerala

വിഷുവിന് സോണിയയ്‌ക്ക് സ്വന്തം വീട്; ഒന്‍പതിന് താക്കോല്‍ കൈമാറും, 10 ലക്ഷം രൂപ ചെലവില്‍ വീട് പണിതു നൽകിയത് എ.കെ. നാരായണന്‍

എസ് സി കോര്‍പ്പറേഷന്റെ സഹായത്താല്‍ സോണിയയുടെ കുടുംബത്തിന് നാലര സെന്റ് ഭൂമി ലഭിച്ചിട്ടുണ്ട്. ഇവിടെയാണ് എ.കെ. നാരായണന്‍ 550 അടി വിസ്തീര്‍ണമുള്ള വീട് പണിതു കൊടുത്തത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഈ വിഷു സോണിയയ്‌ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പാലക്കാട് തയ്യാലംപറമ്പ് റെയില്‍വെ പുറമ്പോക്കിലെ വീട്ടില്‍ നിന്നു കുടിയിറക്കല്‍ ഭയക്കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. കമ്മല്‍ പണയംവച്ച് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെത്തി വെങ്കല മെഡല്‍ നേടിയ സോണിയയുടെ ജീവിതം ജന്മഭൂമി പുറത്തുകൊണ്ടുവന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൊടുവായൂര്‍ ആയില്യം ഹൗസില്‍ എ.കെ. നാരായണന്‍ സോണിയയ്‌ക്ക് വീടുവച്ചു കൊടുക്കുകയായിരുന്നു.  

മാധവരാജ ക്ലബിന്റെ പ്രസിഡന്റ് കൂടിയായ നാരായണന്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. എസ് സി കോര്‍പ്പറേഷന്റെ സഹായത്താല്‍ സോണിയയുടെ കുടുംബത്തിന് നാലര സെന്റ് ഭൂമി ലഭിച്ചിട്ടുണ്ട്. ഇവിടെയാണ് എ.കെ. നാരായണന്‍ 10 ലക്ഷം രൂപ ചെലവില്‍ 550 അടി വിസ്തീര്‍ണമുള്ള വീട് പണിതു കൊടുത്തത്. രണ്ടു മുറി, രണ്ടു ശുചിമുറി, അടുക്കള, ഹാള്‍, സിറ്റ് ഔട്ട് എന്നിവയടങ്ങുന്നതാണ് വീട്. മാധവരാജ ക്ലബിലെ അംഗങ്ങള്‍ കൂടി കൈകോര്‍ത്തപ്പോള്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ മതിലും കുഴല്‍ക്കിണറും തയാറായി.  

ഈ മാസം ഒന്‍പതിന് ഉച്ചയ്‌ക്ക് 12ന് പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ വീടിന്റെ താക്കോല്‍ കൈമാറും. പിറ്റേന്നു രാവിലെ 6.22നും 6.32നും ഇടയിലാണ് പാലുകാച്ചല്‍. വിഷുവിന് സോണിയ സ്വന്തം വീട്ടിലാകും അന്തിയുറങ്ങുകയെന്ന് എ.കെ. നാരായണന്‍ സോണിയയ്‌ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കുപാലിക്കല്‍ കൂടിയാണ് ഒന്‍പതിന് സാധ്യമാകുന്നത്.

സോണിയയും അനുജന്‍ സോഹനും അമ്മ പ്രിയയും അപ്പൂപ്പന്‍ ശശിക്കും അമ്മൂമ്മ സത്യഭാമയ്‌ക്കും ഒപ്പമാണ് പുറമ്പോക്കില്‍ താമസിക്കുന്നത്. സോണിയയ്‌ക്ക് അഞ്ചു വയസ്സുള്ളപ്പോഴേ അച്ഛന്‍ സോമു മരിച്ചു. അപ്പൂപ്പന്‍ ശശിക്ക് ഹോട്ടല്‍ പണിയില്‍ നിന്നുള്ള വരുമാനം മാത്രം. കായികമേളയില്‍ പങ്കെടുക്കാന്‍ സോണിയയുടെ കമ്മല്‍ 4500 രൂപയ്‌ക്ക് പണയംവയ്‌ക്കുകയായിരുന്നു.  

എസ് സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടില്‍കെട്ടാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജന്മഭൂമി വാര്‍ത്ത നല്കുന്നത്. പണയംവച്ച കമ്മല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ അന്നുതന്നെ തിരിച്ചെടുത്തു കൊടുത്തിരുന്നു.