കാപട്യത്തിലൂടെയും വഞ്ചനയിലൂടെയും പാര്‍ട്ടി അണികളെയും ജനങ്ങളെയും ഒരുപോലെ കബളിപ്പിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖംമൂടി ഒരേസമയം അഴിഞ്ഞുവീണിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പിന്നാക്ക ജനവിഭാഗങ്ങളെയും അധിക്ഷേപിച്ച, മാനനഷ്ടക്കേസില്‍ എംപി സ്ഥാനം നഷ്ടപ്പെട്ട രാഹുലിനെയും, അതിനെതിരെ അക്രമാസക്ത സമരം നടത്തുന്ന കോണ്‍ഗ്രസ്സിനെയും പിന്തുണച്ച് രംഗത്തുവന്ന സിപിഎമ്മിന് സ്വയം ന്യായീകരിക്കാന്‍ വാക്കുകള്‍ നഷ്ടമായിരിക്കുകയാണ്. കോടതിവിധിപ്രകാരം അയോഗ്യത വന്ന രാഹുലിനെ പിന്തുണച്ച് ആദ്യം രംഗത്തുവന്നത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ്. പാര്‍ട്ടിയിലെ പടലപിണക്കത്തിലും, തന്റെ കുടുംബാംഗങ്ങള്‍ക്ക് നിക്ഷേപമുള്ള കണ്ണൂരിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടിലെ ഇഡി റെയ്ഡിലുമൊക്കെ വശംകെട്ട് മറ്റൊരു എംവിആറാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജയരാജന് കോണ്‍ഗ്രസ്സിനെ കാലെകൂട്ടി സുഖിപ്പിക്കാന്‍ നോക്കുകയാണെന്നും, സിപിഎം നേതൃത്വം ഇത് തിരുത്തുമെന്നുമാണ് ആദ്യം കരുതിയത്. എന്നാല്‍ രാഹുലിനുവേണ്ടി കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, വാക്കിലും പ്രവൃത്തിയിലും മാന്യത തൊട്ടുതെറിക്കാത്ത രാഷ്ട്രീയക്കാരനായ എം.എം. മണിയുമൊക്കെ കോണ്‍ഗ്രസ്സിനോടുള്ള ഐക്യപ്രഖ്യാപനവുമായി രംഗത്തുവന്നതോടെ ജനങ്ങളുടെ സംശയങ്ങളെല്ലാം മാറി. സിപിഎമ്മും സര്‍ക്കാരും ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് വ്യക്തമായി. രാഹുലിനുവേണ്ടി തെരുവില്‍ പ്രതിഷേധിക്കുമെന്നാണ്, താന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണെന്ന കാര്യം മറന്നുകൊണ്ട് കോണ്‍ഗ്രസ്സ് നേതാക്കളെക്കാള്‍ വീറോടെ എം.വി. ഗോവിന്ദന് പ്രഖ്യാപിച്ചത്. പിണറായി വിജയന് കഴിഞ്ഞാല്‍ സിപിഎമ്മിലെ താപ്പാനയായി മാറിക്കൊണ്ടിരിക്കുന്ന മന്ത്രി പി. രാജീവും കോണ്‍ഗ്രസ്സിന്റെ ‘കൈ’ പിടിച്ചു.
രാഹുലിന് അയോഗ്യത വന്നാല്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് മനസ്സിലാക്കാന്‍ സോണിയാ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനുള്ള വ്യഗ്രതയില്‍ സിപിഎം നേതാക്കള്‍ മറന്നുപോയി. രാഹുലിനെതിരായ കോടതിവിധിയും അയോഗ്യതയും നിയമത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായിരുന്നിട്ടും, അത് ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനുമൊക്കെ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചത്. കോണ്‍ഗ്രസ്സ് കേരളത്തിലെ പ്രതിപക്ഷമാണെന്നുപോലും സിപിഎം വിസ്മരിച്ചു. രാഹുലിനെതിരായ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്താലും അംഗത്വം തിരികെ ലഭിക്കില്ലെന്നും, രണ്ട് വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കുകയോ ശിക്ഷാ കാലാവധി കുറയ്ക്കുകയോ ചെയ്താല്‍ മാത്രമേ അയോഗ്യത ഇല്ലാതാവുന്നുള്ളൂ എന്നും സിപിഎം നേതാക്കള്‍ക്ക് ബോധോദയമുണ്ടാവാന്‍ വൈകി. വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത വളരെയധികമാണെന്നും, ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ നിയമതടസ്സമൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ മറുകണ്ടം ചാടാന്‍ സിപിഎമ്മും സര്‍ക്കാരും തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനെയും രാഹുലിനെയും പരസ്യമായി പിന്തുണച്ചും പ്രകീര്‍ത്തിച്ചുംകൊണ്ടുള്ള പിണറായിയുടെയും ഗോവിന്ദന്റെയും മറ്റും വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ. വിരുദ്ധ പ്രസ്താവനയുമായി മുന്‍ മന്ത്രി പി.കെ. ബാലനെ രംഗത്തിറക്കുകയാണ് ഇതിനു കണ്ടെത്തിയ കുറുക്കുവഴി. നാവ് വാടകയ്ക്കുകൊടുക്കുന്നതുപോലുള്ള പ്രസ്താവനയാണ് ബാലന് നടത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ നടപടി കോണ്‍ഗ്രസ് ചോദിച്ചുവാങ്ങിയതാണെന്നും, തന്നെ ഒറ്റപ്പാലം കോടതി ശിക്ഷിച്ചപ്പോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട വി.ഡി. സതീശന് അന്നു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായി ബാലന്. എന്നാല്‍ പിണറായിക്കും ഗോവിന്ദനും മറ്റും എന്തുകൊണ്ടാണ് ഈ തിരിച്ചറിവില്ലാതെ പോയതെന്ന് ബാലനോട് മാധ്യമങ്ങളാരും ചോദിച്ചുമില്ല, ബാലന് പറഞ്ഞതുമില്ല.
രാഹുലിനുവേണ്ടി സിപിഎം തെരുവില്‍ പ്രതിഷേധിക്കുമെന്നാണ് എം.വി. ഗോവിന്ദന് പറഞ്ഞത്. ദല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കോടതിക്കെതിരെ നടത്തിയ അക്രമാസക്ത സമരത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പാര്‍ട്ടിയുടെ രാജ്യസഭാ എംപി വി.ശിവദാസനുമൊക്കെ അണിചേരുകയും ചെയ്തു. എന്നാല്‍ ഇതേ കാര്യം തിരുവനന്തപുരത്തും വയനാടും ചെയ്ത യൂത്ത് കോണ്‍ഗ്രസ്സുകാരെ പിണറായിയുടെ പോലീസ് അടിച്ചമര്‍ത്തി. രാഹുലിന്റെ അയോഗ്യതാ പ്രശ്നത്തില്‍ തങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പമില്ലെന്നു വരുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരെ തല്ലിയൊതുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗതികേട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പിണറായിയുടെ പോലീസിന്റെ തല്ലുകൊള്ളാന്‍ കോണ്‍ഗ്രസ്സുകാരുടെ ജീവിതം പിന്നെയും ബാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായിരിക്കുമ്പോള്‍ കേരളത്തില്‍ അങ്ങനെയല്ലെന്നു വരുത്താനാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്പര ധാരണയോടെ ശ്രമിച്ചുകൊണ്ടിരുന്നത്. രാഹുലിനുവേണ്ടി കൈകോര്‍ത്തതോടെ ഈ തരംതാണ തന്ത്രം പൊളിഞ്ഞു. കേരളത്തില്‍ ബിജെപി നടത്താന്‍ പോകുന്ന രാഷ്ട്രീയ മുന്നേറ്റത്തില്‍ ഇരുപാര്‍ട്ടികളും ആശങ്കയിലാണ്. ബിജെപിയെ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്ന് ചില ക്രൈസ്തവ മതമേലധ്യക്ഷന്മാര് പ്രസ്താവിച്ചപ്പോള്‍ സിപിഎം-കോണ്‍ഗ്രസ്സ് നേതാക്കളുടെ ചങ്കിടിച്ചത് ഒരുപോലെയാണല്ലോ. ഈ പാര്‍ട്ടികള്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ത്രിപുരയിലേതുപോലെ മുഖംമൂടി അഴിച്ചുവച്ച് ഒരുമിച്ച് മത്സരിക്കണം. ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ ഒന്നിച്ചു മത്സരിച്ചാല്‍ എളുപ്പത്തില്‍ തോല്‍പ്പിക്കാനാവുമല്ലോ. മാന്യതയുണ്ടെങ്കില്‍ അതിന് തയ്യാറാവട്ടെ. വയനാട് ഉപതെരഞ്ഞെടുപ്പ് വരികയാണെങ്കില്‍ യുഡിഎഫ് എല്‍ഡിഎഫ് എന്നതിനു പകരം ‘യുഎല്‍ഡിഎഫ്’ ആയി പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: