ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കുമ്പോള്‍ നഷ്ടപ്പെട്ട അധികാരം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുകയെന്ന മോഹം മാത്രമായിരുന്നു സിപിഎമ്മിന്. കോണ്‍ഗ്രസിനാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂജ്യത്തിലൊതുങ്ങിയ പാര്‍ട്ടിക്ക് അധികാരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അതിലും വലിയ നേട്ടം മറ്റൊന്നില്ല എന്ന ചിന്തയും.
നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കൊലപ്പെടുത്തിയ സിപിഎമ്മുമായി കൈകോര്‍ക്കുമ്പോള്‍ ത്രിപുരയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഭരണമെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ കാല്‍നൂറ്റാണ്ടോളം സംസ്ഥാനത്ത് കിരാതവാഴ്ച നടത്തിയ സിപിഎമ്മിനെ യാതൊരുവിധത്തിലും അധികാരത്തിലേറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ത്രിപുരക്കാരെന്ന് വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബിജെപിക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്റെ അവസാനത്തെ പരീക്ഷണശാലയായിരുന്നു ത്രിപുര. എന്നാല്‍ അവിടെയും ബിജെപിയുടെ തേരോട്ടം.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 13 സീറ്റുകള്‍ നേടാനായപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സഖ്യചര്‍ച്ചകള്‍ നടന്നതും സീറ്റുകളുടെ വിഭജനം നടത്തിയതും. 60ല്‍ 43സീറ്റില്‍ സിപിഎമ്മും 13സീറ്റില്‍ കോണ്‍ഗ്രസും മത്സരിച്ചു. പല മണ്ഡലങ്ങളിലും പ്രാദേശികപാര്‍ട്ടിയായ തിപ്രമോത്ത ഈ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പ്രചാരണവും നടത്തി. എന്നാല്‍ ഫലം പുറത്തുവന്നപ്പോഴാകട്ടെ സിപിഎമ്മിന് കഴിഞ്ഞ വര്‍ഷത്തെ സീറ്റുകള്‍ പോലും നേടാനായില്ല. കോണ്‍ഗ്രസാകട്ടെ സഖ്യത്തിന്റെ ഫലം നേടി പൂജ്യത്തില്‍ നിന്ന് സീറ്റുകള്‍ ഉയര്‍ത്തുകയും ചെയ്തു.
കോണ്‍ഗ്രസ്-സിപിഎം സഖ്യം രണ്ടു കൊടികളും കൂട്ടിക്കെട്ടി സംയുക്തറാലികളും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളും നടത്തി. കേരളത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ കോണ്‍ഗ്രസ് സമരം പൊടിപൊടിക്കുമ്പോള്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി അദ്ദേഹത്തെ പ്രചാരണത്തിനിറക്കി. സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, മുന്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്കാ വാദ്ര തുടങ്ങിയവര്‍ സംസ്ഥാനത്ത് പ്രചരണത്തിനെത്താതിരുന്നതോടെ സിപിഎം നേതാക്കളായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക് ആശ്രയം.
രണ്ടു പതിറ്റാണ്ട് സിപിഎം മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതും സീറ്റുവിഭജനത്തെ ചൊല്ലിയുണ്ടായ തര്‍ക്കവും ആദ്യമേ സഖ്യത്തിന് കല്ലുകടിയായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ താല്പര്യത്തിനൊത്ത് അവര്‍ വരച്ച വരയിലൂടെ മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയായ തിപ്രമോത രൂപീകരിച്ച രാജകുടുംബാംഗം കൂടിയായ പ്രദ്യോത് ദേബ് ബര്‍മനുമായി സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതു ഫലം കണ്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തിയതോടെ ത്രിപുരയില്‍ ബിജെപിയുടെ പ്രചാരണം ആവേശക്കൊടുമുടിയിലായി. ഇരട്ടഎഞ്ചിന്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പ്രചാരണം കൂടിയായതോടെ സിപി എം-കോണ്‍ഗ്രസ് സഖ്യം കടപുഴകുമെന്നുറപ്പായി. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി, 2018 ലെ തെരഞ്ഞെടുപ്പില്‍ 60ല്‍ 36ലും വിജയിച്ചാണ് അധികാരത്തിലെത്തിയത്. അതിന്റെ തുടര്‍ച്ചയായി ഇപ്പോഴത്തെ വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: