ന്യൂദല്‍ഹി: ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ത്രിപുര മോഡല്‍ സഖ്യം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം. കേരളത്തിലും ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇവര്‍ സഖ്യത്തിന് ശ്രമിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ വലംകൈയുമായ കെ.സി. വേണുഗോപാലിന്റെയും ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും വാക്കുകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ബിജെപിക്കെതിരെ ആരുമായും സഖ്യമുണ്ടാക്കാമെന്നാണ് യെച്ചൂരിയുടെ പ്രഖ്യാപനം. ത്രിപുര സഖ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. കേരളത്തില്‍ ഏറ്റുമുട്ടുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ സഖ്യത്തിലാണ്. ഒന്നിച്ചാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ പോലും ഒന്നിച്ചാണ് നടത്തുന്നത്. പതാകകളും ഒന്നിച്ചാണ് കെട്ടുന്നത്. മാത്രമല്ല ഭൂരിപക്ഷം നേടിയാല്‍ സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം നല്കുമെന്നു പോലും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. ബിജെപിയെ ചെറുക്കാന്‍ ഇത്തരം സഖ്യം രാജ്യത്ത് എവിടെയും ആകാമെന്നാണ് യെച്ചൂരിയുടെ വാക്കുകള്‍.
യെച്ചൂരിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വേണുഗോപാലിന്റെ പ്രതികരണവും വന്നു. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത വേണുഗോപാല്‍, കേരളത്തിലെ സിപിഎമ്മുകാരുടെ കോണ്‍ഗ്രസ് വിരോധം വെടിയണമെന്ന് അഭ്യര്‍ഥിച്ചു. കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് യെച്ചൂരി കാര്യങ്ങള്‍ മനസിലാക്കി നല്‍കണമെന്നും വേണുഗോപാല്‍ പറയുന്നു. അതായത് സഖ്യത്തിന് തത്ക്കാലം കേരളത്തില്‍ മാത്രമാണ് പ്രശ്നമെന്നും മറ്റെല്ലായിടത്തും അതിന് ഇപ്പോള്‍ തന്നെ സാധ്യതയുണ്ടെന്നുമാണ് ഇരു കൂട്ടരുടെയും പ്രതികരണങ്ങളില്‍ തെളിയുന്നത്. കേരളത്തിലും വലിയ പ്രശ്നമൊന്നുമിെല്ലന്നും സഖ്യമാകാമെന്നും വേണുഗോപാല്‍ പറയുന്നുണ്ട്. ത്രിപുര സഖ്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് മണിക് സര്‍ക്കാരിന്റെ പ്രഖ്യാപനം.
ബംഗാളില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഒന്നിച്ചാണ് കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. ബിഹാറിലും ലാലുപ്രസാദ് യാദവിന്റെ മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. തമിഴ്നാട്ടിലും ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിയിലാണ് കോണ്‍ഗ്രസും സിപിഎമ്മും.
ഈ മാസവും ഈ വര്‍ഷം ഒടുവിലും നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ഇവയെല്ലാം ലക്ഷ്യമിട്ടാണ് സിപിഎം-കോണ്‍ഗ്രസ് നീക്കം. കേരളത്തില്‍ തിരുവനന്തപുരത്തടക്കം പലയിടങ്ങളിലും ബിജെപിക്കെതിരെ ഇരുവരും രഹസ്യധാരണ മുന്പുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ കള്ളം തിരിച്ചറിയുമെന്നതിനാലാണ് സഖ്യം പരസ്യമാക്കാത്തത്. ഇരുവരും തമ്മില്‍ കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തിയെന്നാണ് കഴിഞ്ഞ ദിവസം ത്രിപുരയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: