Categories: Kerala

പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി; 15,000 കോടിയുടെ കുടിശ്ശിക പിരിച്ചെടുത്ത് നികുതിഭാരം കുറയ്‌ക്കണമെന്ന് കെ. സുരേന്ദ്രന്‍

ജനവിരുദ്ധ നികുതി വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published by

കോഴിക്കോട്: കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 15,000 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജനവിരുദ്ധ നികുതി വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 13 വകുപ്പുകളില്‍ മാത്രം നികുതിയിനത്തില്‍ 7500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതെല്ലാം മദ്യമുതലാളിമാരും ക്വാറി ഉടമകളും കുത്തക തോട്ടം മുതലാളിമാരുമൊക്കെ അടയ്‌ക്കേണ്ടതാണ്. ഇത് പിരിച്ചെടുക്കുന്നതിന് പകരം പാവപ്പെട്ടവന്റെ ചുമലില്‍ അധികനികുതി ചുമത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സിഎജി പുറത്തുവിട്ട 7500 കോടിയുടെ നികുതി കുടിശ്ശിക എന്തുകൊണ്ട് പിരിച്ചെടുക്കുന്നില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ധൂര്‍ത്തും അഴിമതിയും നടത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല. ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, മോട്ടോര്‍വാഹന നികുതി തുടങ്ങി എല്ലാം കൂട്ടി.  മറ്റ് സംസ്ഥാനങ്ങള്‍ ചെയ്തരീതിയില്‍ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇവിടെ രണ്ട് രൂപ കൂട്ടുകയാണ് ചെയ്തത്. എല്ലാ സഹായവും ലഭിച്ചിട്ടും കേന്ദ്രത്തെ കുറ്റം പറയുകയാണ്. പത്ത് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്കിയത് 50,000 കോടി രൂപമാത്രമാണ്. എന്നാല്‍ എട്ട് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ നികുതിയിനത്തില്‍ മാത്രം നല്കിയത് രണ്ട് ലക്ഷം കോടി രൂപയാണ്.  കിറ്റ് കൊടുത്ത് കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ ഇനിയും പിണറായിക്ക് സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍ പ്രസംഗിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി. കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക