തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബജറ്റിനെ മാതൃകയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ബജറ്റ് മാതൃകയാക്കി കേരളത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയും ജനക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും ബജറ്റിൽ അർഹമായ സഹായം ലഭിച്ചുവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് വേണ്ടിയുള്ള സമഗ്ര ബജറ്റിൽ കേരളത്തെ പരിഗണിച്ചില്ലെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. കേരളത്തിന് ഇതുവരെ ഇല്ലാത്ത പരിഗണനയാണ് ഇത്തവണ ലഭിച്ചത്. കേന്ദ്ര ബജറ്റിൽ അടുത്ത സാമ്പത്തിക വർഷം കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് നീക്കിവെച്ചത് 19,702 കോടി രൂപയാണ്. യുപിഎ സർക്കാരിന്റെ 10 വർഷത്തേക്കാൾ നാലിരട്ടി അധികം എൻഡിഎ സർക്കാർ ഒമ്പത് വർഷം കൊണ്ട് കേരളത്തിന് അനുവദിച്ചു. കേന്ദ്രം കേരളത്തെ അവഗണിച്ചെന്ന് വിലപിക്കുന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ നട്ടെല്ലുണ്ടെങ്കിൽ മൻമോഹൻ സിംഗ് സർക്കാരിന്റെയും നരേന്ദ്രമോദി സർക്കാരിന്റെയും ഭരണകാലഘട്ടങ്ങളിലെ സഹായത്തെ കുറിച്ചുള്ള ധവളപത്രം ഇറക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ നൽകിയ 15720.5 കോടി രൂപയേക്കാൾ 4000 കോടി ഈ ബജറ്റിൽ സംസ്ഥാനത്തിന് അധികം വിഹിതം ലഭിച്ചു. ജി.എസ്.ടി വിഹിതം – 6358.05 കോടി രൂപ, ആദായ നികുതി വിഹിതം – 6122.64 കോടി രൂപ, എക്സൈസ് തീരുവ വിഹിതം – 261.24 കോടി രൂപ, കോർപ്പറേഷൻ നികുതി വിഹിതം – 6293.42 കോടി രൂപ, സേവന നികുതി വിഹിതം – 3.95 കോടി രൂപ, കസ്റ്റംസ് തീരുവ വിഹിതം – 623.74 കോടി രൂപ, വെൽത്ത് ടാക്സ് വിഹിതം – O.16 കോടി രൂപ.
സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾക്ക് എല്ലാം കേന്ദ്ര ധനമന്ത്രി തുക വകയിരുത്തി. കോഴിക്കോട് എൻ.ഐ.ടി, പാലക്കാട് ഐ.ഐ.ടി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചിൻ കപ്പൽ ശാല, കോഴിക്കോട് ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം കേന്ദ്ര വിഹിതം ലഭിക്കും. റെയിൽവെയ്‌ക്ക് അനുവദിച്ച 2.40 ലക്ഷം കോടി രൂപയിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്നുറപ്പായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാജപ്രചരണം നടത്തുകയാണ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചപ്പോൾ തൊഴിലുറപ്പ് ഫണ്ട് വെട്ടിക്കുറയ്‌ക്കുന്നെന്ന ബാലിശമായ വാദമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് അദേഹം അങ്ങനെ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബജറ്റ് കണക്കിലെ കളിയാണെന്നാണ് വിഡി സതീശൻ പറയുന്നത്. കണക്കിലെ കളികൊണ്ടാണോ ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്? യാഥാർത്ഥ്യബോധമില്ലാത്ത ഇത്തരം പ്രസ്താവനകളാണ് പ്രതിപക്ഷകക്ഷികൾ പറയുന്നത്. അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി അനുവദിച്ചപ്പോൾ തന്നെ 20 ലക്ഷം കോടി കാർഷിക മേഖലയ്‌ക്ക് അനുവദിക്കാൻ മോദി സർക്കാർ തയ്യാറായി. എംഎസ്എംഇക്ക് 2 ലക്ഷം കോടി അനുവദിച്ചത് യുവത്വത്തോടുള്ള സർക്കാരിന്റെ കരുതലാണ്. ആവാസ് യോജനയ്‌ക്ക് 79,500 കോടിയും ജൽജീവന് 70,000 കോടിയും പട്ടികവർഗക്കാർക്ക് 1500 കോടിയും അനുവദിച്ചതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള തന്റെ സർക്കാരിന്റെ സമീപനം തെളിയിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: