മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തില്‍ ജില്ലയില്‍ നിന്ന് മലമ്പുഴയും, പോത്തുണ്ടിയും പരിഗണനയില്‍. ജലസേചന വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍ (വാണിജ്യമുദ്ര) കൊണ്ടുവരാനാണ് പദ്ധതി. വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ പ്രാദേശിക പ്രത്യേകതകളുള്‍പ്പെടുത്തി ഇവയെ ആഗോള തലത്തില്‍ ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യം.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലെപ്മെന്റ് കോര്‍പ്പറേഷനാണ് (കെഐഡിസി) ഏകോപന ചുമതല. അണക്കെട്ടുകളോടുചേര്‍ന്നുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം ജലസേചനവകുപ്പിനു കീഴിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നതും, വരുമാനം ലഭിക്കുന്നതും മലമ്പുഴയില്‍ നിന്നാണ്.
സംസ്ഥാനത്തെ 11 അണക്കെട്ടുകളിലും,ഒരു റെഗുലേറ്ററിലും ജലസംഭരണം നടത്തുന്നുണ്ടെന്നതിനാല്‍ മിക്കതിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്. മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് കെഐഡിസി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അവയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.
സാധ്യമായ പ്രദേശങ്ങളിലെല്ലാം ബോട്ടിംഗ്, പായ് വഞ്ചി, തുഴവഞ്ചി, ജല കായിക – സാഹസിക പ്രകടനങ്ങളുള്‍പ്പെടുത്താന്‍ ആലോചനയുണ്ട്. അതതു പ്രദേശങ്ങളെ സമഗ്രമായി പഠിച്ച് തനത് സൗന്ദര്യം നഷ്ടപ്പെടുത്താതെയും, പ്രകൃതിക്ക് ഭീഷണിയാവാത്ത രീതിയിലുമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
കൊവിഡിന് ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സജീവമായി. ഇതിലൂടെ വരുമാനത്തിലും വര്‍ധനവുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: