ചാലക്കുടി: തുമ്പൂര്‍മുഴി ബട്ടര്‍ഫ്ളൈ ഗാര്‍ഡനിലെ ശുചിമുറിയടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന ശുചിമുറി അടിയന്തിരമായി വിനോദ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കാത്തതിനാല്‍ ഇവിടെ എത്തുന്നവര്‍ ദുരിതത്തില്‍. ഇത് സംബന്ധിച്ച് ടുറിസം വകുപ്പ് മന്ത്രിയടക്കമുള്ളവര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
2017ല്‍ വിനോദ സഞ്ചാര വകുപ്പ് നാല് കോടി രൂപ ചിലവിലാണ് ഗാര്ഡന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ശൂചിമുറികളാണ് നിര്‍മ്മാണത്തിലെ അപാകത കാരണം പൂട്ടിയിട്ടിരിക്കുന്നത്. ഭിന്നശേഷിക്കാരായ വിനോദ സഞ്ചാരിക്കള്‍ക്ക് അടക്കം പ്രാഥിമികാവശ്യങ്ങള് നിറവേറ്റുവാന്‍ വേണ്ട സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചതെങ്കിലും ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്കും കനാലിലേക്കും പോകുന്ന അവസ്ഥയായിരുന്നു.
വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ശുചി മുറികള്‍ പൂട്ടിയിടാന്‍ കാരണമായത്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന കേരള ഹൗസിംങ്ങ് ബോര്‍ഡ് അധികൃതര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാവാതിരിക്കുന്നതാണ് പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുവാന്‍ കാരണം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള മത്സരം കാരണം ദുരിതം അനുഭവിക്കുന്നത് ഇവിടെ വരുന്ന നുറുകണക്കിന് വിനോദ സഞ്ചാരികളാണ്. ഇതിനാല്‍ എത്രയും വേഗം ശുചിമുറി തുറന്നു നല്‍കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: