ന്യൂദല്‍ഹി : ഉത്തരാഖണ്ഡ് ജോഷിമഠില്‍ വിചിത്ര പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമി ഇടിഞ്ഞു താഴുന്നതില്‍ അടിയന്തിരയോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും.
ഇന്ന് വൈകീട്ട് ചേരുന്ന പ്രധാനമന്ത്രിയുടെ യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കും. ജോഷിമഠില്‍ ഭൂമി ഇടിയുകയും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഭൂമിയുടെ വിചിത്ര പ്രതിഭാസങ്ങളെ തുടര്‍ന്ന് പ്രദേശത്തെ 600 ഓളം കുടുബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇവരെ ഒഴിപ്പിക്കുന്നതിനുള്ള പരിപാടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് കൂടാതെ തൊട്ടടുത്തുള്ള ജ്യോതിര്‍മഠിലെ കെട്ടിടങ്ങളിലും വിള്ളല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. അടിയന്തിര സാഹചര്യത്തില്‍
ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കണ്ട്രോള് റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളില്‍ ജ്യോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: