ദോഹ: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ മാത്രമല്ല ടീമെന്ന് പരിശീലകന് ഫെര്‍ണാണ്ടൊ സാന്റോസിന് തെളിയിക്കണമായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനൊയെ ആദ്യ പതിനൊന്നില്‍ നിന്ന് ഒഴിവാക്കി ജീവന്മരണ പോരാട്ടത്തിന് കച്ചകെട്ടിയ സാന്റോസിന് തലയുയര്‍ത്തി നില്ക്കാം. ലോകകപ്പ് ഫുട്ബോളിലെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ ഒന്നിനെതിരെ ആറു ഗോളിന് തുരത്തി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍.
ക്രിസ്റ്റ്യാനൊയ്ക്ക് പകരമിറങ്ങിയ ഗൊണ്‍സാലൊ റാമോസിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് വന്‍ ജയത്തോടെ പോര്‍ച്ചുഗലിന് മുന്നേറ്റമൊരുക്കിയത്. പെപ്പെ, റാഫേല്‍ ഗ്വിരേറോ, റാഫേല്‍ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. മാന്വല്‍ അകുന്ജിയാണ് സ്വിസ് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്.
സൂപ്പര്‍ താരത്തിന്റെ അഭാവം ഒരിക്കലും അനുഭവപ്പെടാതെ, വലിയൊരു ഭാരമിറക്കി വച്ചപ്പോലെ തകര്‍ത്തു കളിച്ച പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നിഷ്പ്രഭമാക്കി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് റാമോസ് സ്വന്തം പേരില്‍ കുറിച്ചത്. സ്പെയ്നിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് അട്ടമറിച്ചെത്തിയ മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ആറോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമായി പോര്‍ച്ചുഗല്‍. 2014ല്‍ ബ്രസീലിനെ 7-1ന് തോല്‍പ്പിച്ച ജര്‍മനിയാണ് ആദ്യ ടീം. ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പോര്‍ച്ചുഗല്‍ നാലോ അതിലധികമോ ഗോള്‍ നേടുന്നത് 1966നു ശേഷം ആദ്യം. 1966 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയ്ക്കെതിരെ 5-3ന് വിജയിച്ചിരുന്നു. ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ മൂന്നാമത്തെ മാത്രം ക്വാര്‍ട്ടര്‍ പ്രവേശനമാണിത്. 1966, 2006 വര്‍ഷങ്ങളിലാണ് അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്.
റൊണാള്‍ഡോയുടെ അഭാവത്തില്‍ ടീമിനെ നയിച്ച പെപ്പെയും സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഗോളടിച്ചതോടെ റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരവും ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരവുമായി പെപെ. 39 വര്‍ഷവും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോറര്‍ കാമറൂണിന്റെ റോജര്‍ മില്ല. 1994 ലോകകപ്പില്‍ റഷ്യക്കെതിരേ ഗോള്‍ നേടുമ്പോള്‍ 42 വര്‍ഷവും 39 ദിവസവുമാണ് മില്ലയുടെ പ്രായം. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വലകുലുക്കിയ െ്രറാണാള്ഡോ പ്രായം കൂടിയ ലോകകപ്പ് ഗോള്‍ സ്കോറര്‍മാരുടെ പട്ടികയില്‍ മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: