ദോഹ: കളിക്കളത്തിലെ പാസിങ് വല മുറിച്ച് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തിലേക്ക് കണ്ണുംനട്ട് ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്നാണ് എതിരാളികള്‍.
ക്രൊയേഷ്യയും ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാമതായാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്ന് നാല് ഗോളടിച്ച അവര്‍ ഒരെണ്ണം വഴങ്ങി. അതിശക്തമായ പ്രതിരോധമാണ് അവരുടെ മുഖമുദ്ര. കിട്ടുന്ന അവസരങ്ങളില്‍ അതിവേഗ മുന്നേറ്റങ്ങളിലൂടെ എതിരാളികളെ വിറപ്പിച്ച് ഗോളടിക്കുകയെന്നതാണ് തന്ത്രം. നായകന് റൊമയ്ന് സെയ്സ് നേതൃത്വം നല്കുന്ന പ്രതിരോധത്തില്‍ അഷറഫ് ഹാകിമി, നൗസ്സെയ്ര് മസ്റൗയി, നെയ്ഫ് അഗ്യോര്ഡ് എന്നിവരും മധ്യനിരിയില്‍ സലിം അബല്ല, അസ്സദിനെ ഔന, സഫിയാന്‍ അംറാബത് എന്നിവരും മുന്നേറ്റത്തില്‍ ഹകിം സിയെച്ച്, സഫിയാനെ ബൗഫല്‍, യൂസഫ് എന്‍ നെസ്രി എന്നിവരും ഇറങ്ങാനാണ് സാധ്യത.
ഗ്രൂപ്പ് ഇയില്‍ ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. താരനിര വിലയിരുത്തിയാല്‍ സ്പെയ്നിന്റെ അയലത്തുവരില്ല മൊറോക്കോ. കഴിഞ്ഞ കളികളില്ലൊം പന്ത് എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെ കൈവശം വച്ചു. എന്നാല്‍ അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍ സ്പെയ്ന്‍ പതറുന്നതാണ് ജര്‍മനിക്കെതിരെയും ജപ്പാനെതിരെയും കണ്ടത്.
ഒല്‍മോ, അസന്‍സിയോ, മൊറാട്ട, ഫെര്‍ണാണ്ടോ ടോറസ്, ഗാവി, ബുസ്കറ്റസ്, പെദ്രി, റോഡ്രി, ലോറന്റെ, ജോര്‍ഡി ആല്‍ബ, ഡാനി കര്‍വാജല്‍ തുടങ്ങിയ ലോക ഫുട്ബോളിലെ സൂപ്പര്‍ താരനിരയാണ് സ്പെയ്നിനുള്ളത്. 2010-ല്‍ ചാമ്പ്യന്മാരായ ശേഷം പിന്നീട് നടന്ന രണ്ട ലോകകപ്പുകളിലും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ അവസാന എട്ടില്‍ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തോടെയാകും മൊറോക്കോയ്ക്കെതിരെ ഇറങ്ങുക. മൂന്ന് തവണയാണ് മൊറോക്കോയും സ്പെയ്നും മുന്‍പ് ഏറ്റുമുട്ടിയത്. ഇതില്‍ രണ്ടെണ്ണത്തില്‍ സ്പെയ്ന്‍ ജയിച്ചപ്പോള്‍ ഒന്ന് സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: