എം.ശശിശങ്കര്‍
ചേച്‌നിയയുടെ മുന്‍ പ്രസിഡന്റ് സെലിംഖാന്‍ യന്തര്‍ബിയേവ് ഖത്തറില്‍ താമസിക്കുമ്പോള്‍ ഒരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 2004 ഫെബ്രുവരി 13നാണ് സംഭവം. റഷ്യ മാത്രമല്ല, അല്‍ ക്വയ്ദയുമായുള്ള ബന്ധം മൂലം അമേരിക്കയും തീവ്രവാദിയായി പ്രഖ്യാപിച്ച ആളായിരുന്നു യന്തര്‍ബിയേവ്. ഖത്തറാണ് അഭയം നല്‍കിയത്. ഖത്തര്‍ പോലീസിന്റെ അന്വേഷണം നീണ്ടത് റഷ്യന്‍ എംബസിയിലേക്കാണ്. ഫസ്റ്റ് സെക്രട്ടറിയും രണ്ടു റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഫസ്റ്റ് സെക്രട്ടറിയെ നയതന്ത്ര പരിരക്ഷയുടെ പേരില്‍ പിന്നീട് വിട്ടയച്ചു. റഷ്യയില്‍ മത്സരങ്ങള്‍ക്കായി ഇതേസമയം ഉണ്ടായിരുന്ന ഖത്തറിന്റെ രണ്ടു ഗുസ്തിക്കാരെ റഷ്യ തടഞ്ഞു വെച്ചതുകൊണ്ടാണ് സെക്രട്ടറിയെ വിട്ടയച്ചത് എന്നൊക്കെ വാര്‍ത്തയുണ്ടായിരുന്നു.
നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ജൂണില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിനോടകം മോശമായിക്കഴിഞ്ഞിരുന്ന റഷ്യയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഖത്തര്‍ കുറ്റവാളികളെ റഷ്യക്ക് കൈമാറി. തടവ് ശിക്ഷ റഷ്യ അനുഭവിച്ചാല്‍ മതി എന്ന ധാരണയില്‍. റഷ്യയില്‍ വീരോചിത സ്വീകരണം ലഭിച്ച പ്രതികളെ ജയിലിലേക്കു അയച്ചതേയില്ല എന്നൊക്കെയാണ് റിപ്പോര്‍ട്ട്.
ഖത്തറില്‍ അഭയം ലഭിക്കുന്ന ആദ്യത്തെ തീവ്രവാദിയല്ല, യന്തര്‍ബിയേവ്. പാലസ്തീന്‍ ഹമാസ്, മുസ്‌ലിം ബ്രദര്‍ഹുഡ്, താലിബാന്‍ എന്നിവയുടെ നേതാക്കളെല്ലാം ഖത്തറിലാണ് താമസം. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചടക്കുന്നതിനു മുന്‍പ് താലിബാന്‍ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അമേരിക്കക്കാര്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ എത്തിയിരുന്നത് ഖത്തറിലാണ്. ഓഫീസ് ഇപ്പോഴുമുണ്ട്. ഖത്തര്‍ അഭയം നല്കിയവര്‍ക്കെല്ലാം പൊതുവായുള്ളതു അവരുടെ മത വിശ്വാസമാണ്.
മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള യൂസഫ് അല്‍ ഖറദാവി എന്ന മതപണ്ഡിതന്‍ `961 മുതല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മരിക്കുന്നതുവരെ ഖത്തറിലാണ് കഴിഞ്ഞിരുന്നത്. ഇടയ്‌ക്കു കുറച്ചു കാലം മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്റ്റില്‍ അധികാരം ലഭിച്ച സമയത്തു മാത്രമാണ് സ്വന്തം നാട്ടിലെത്തിയത്. അല്‍ ജസീറയില്‍ വർഷങ്ങളോളം അദ്ദേഹം നടത്തിയിരുന്ന പരിപാടി തീവ്രവാദികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു.
ഖത്തര്‍ നടത്തുന്ന തീവ്രവാദ ഫണ്ടിങ് രഹസ്യമൊന്നുമല്ല. ലോക രാജ്യങ്ങള്‍ക്കറിയാത്തതുമല്ല. അതുപോലെതന്നെ ഗുരുതരമായിരുന്നു ഖത്തറിന്റെ സ്വന്തം ടി.വി.ചാനലിൽ അല്‍ ജസീറയുടെ ഇടപെടലുകള്‍. അല്‍ ജസീറ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവെന്നും അത് അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടത് സൗദിയും കൂട്ടരുമാണ്. അറബ് വസന്തം, ഈജിപ്തില്‍ മുബാറക്കിനെതിരെ, സിറിയയില്‍ അസാദിനെതിരെ, ലിബിയയില്‍ ഗദ്ദാഫിക്കെതിരെയെല്ലാം നറേറ്റിവുകള്‍ സൃഷ്ടിച്ചു മാധ്യമ യുദ്ധം നയിച്ചത് അല്‍ ജസീറയാണ്.
ഖത്തറിന്റെ തീവ്രവാദ ബന്ധങ്ങളില്‍ പലതിലും പാശ്ചാത്യ ശക്തികള്‍ കൂട്ട് പ്രതികളാണ്. അവരൊക്കെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാത്രം. ഖത്തര്‍ സ്‌പോര്‍ട്‌സവാഷിങ് നടത്തുന്നു എന്നൊക്കെ ആരോപിക്കുമ്പോള്‍ ഖത്തര്‍ സന്തോഷിക്കുകയായിരിക്കും. തീവ്രവാദ ബന്ധങ്ങള്‍ ആരും ചര്‍ച്ച ചെയ്യൂന്നില്ലല്ലോ!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: