പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനെക്കാള്‍ അത് നിരസിക്കുന്നതാണ് ചിലപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടാറുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പത്മ അവാര്‍ഡുകളുടെ മാതൃകയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ കേരള പുരസ്കാരങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിരിക്കുന്നു. കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നീ ക്രമത്തിലുള്ള പുരസ്കാരങ്ങളില് കേരളശ്രീ ലഭിച്ച പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് അത് നിരസിച്ചതും, മാര്‍ക്സിസ്റ്റ് ചിന്തകനായ ഡോ. എം.പി. പരമേശ്വരന് അതിനോട് താല്‍പ്പര്യം കാണിക്കാതിരുന്നതും കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുക മാത്രമല്ല, വിവാദത്തിനിടയാക്കുകയും ചെയ്തു. പുരസ്കാരത്തിന് അര്‍ഹരായ എം.ടി. വാസുദേവന്‍ നായരും മമ്മൂട്ടിയുമൊക്കെ സര്‍ക്കാരിനെ നന്ദിയറിയിച്ചപ്പോള്‍ കാനായിയുടെയും പരമേശ്വരന്റെയും വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
പുരസ്കാരങ്ങള്‍ നിരസിക്കുന്നവര്‍ അതിനു പറയാറുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. രാഷ്ട്രീയമായ അസഹിഷ്ണുതകൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മടക്കിയ ചില എഴുത്തുകാര്‍ അവാര്‍ഡു തുക സ്വന്തമാക്കി ഫലകങ്ങള്‍ മാത്രം തിരിച്ചുനല്‍കിയത് ഇരട്ടത്താപ്പായിരുന്നുവെങ്കിലും മാധ്യമങ്ങള്‍ ആഘോഷിച്ചു. കവി ബാലചന്ദ്രന് ചുള്ളിക്കാട് പുരസ്കാരങ്ങള്‍ സ്വീകരിക്കാത്തതുപോലെയല്ല പ്രമുഖ മാധ്യമ പ്രവര്ത്തകന് പി. രാജന് അതു നിരസിക്കുന്നത്.
ഒരുകാലത്ത് തന്റെ കവിതകള്‍ അവഗണിച്ചവരോടുള്ള ധാര്‍മിക രോഷവും, വ്യവസ്ഥിതിയുടെ ഔദാര്യം തന്റെ കവിതകള്‍ക്ക് വേണ്ടെന്ന മനോഭാവവുമാണ് പുരസ്കാരങ്ങള്‍ തിരസ്കരിക്കാന്‍ ചുള്ളിക്കാടിനെ പ്രേരിപ്പിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. തൊണ്ണൂറു വയസ്സു കഴിഞ്ഞയാള്‍ക്ക് പുരസ്കാരം നല്കി പ്രചോദിപ്പിക്കേണ്ട ആവശ്യമില്ലെന്നും, ഒരേ അവാര്‍ഡ് വര്‍ഷംതോറും ഓരോരുത്തര്‍ക്ക് നല്കുമ്പോള് അവരുടെ നിലവാരം സംബന്ധിച്ച തെറ്റിദ്ധാരണകള്ക്കിടയാക്കുമെന്നുമാണ് പി. രാജന്റെ നിലപാട്. ക്ലിക്കിന്റെ ഭാഗമായുള്ള പുരസ്കാര നിര്‍ണയം മൂല്യച്യുതിയാണ്. അതേസമയം പുരസ്കാരം നല്കി അംഗീകരിക്കേണ്ടവരും ആദരിക്കേണ്ടവരുമുണ്ട്.
ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ് ശില്‍പ്പി എന്ന നിലയ്ക്ക് തനിക്കു നല്കിയ കേരളശ്രീ പുരസ്കാരം നിരസിക്കാന്‍ കാനായി പറഞ്ഞ കാരണം. ശുംഖുംമുഖത്തും വേളിയിലും പയ്യാമ്പലത്തും താന്‍ നിര്‍മിച്ച ശില്പ്പങ്ങള് പിണറായി സര്‍ക്കാരിന്റെ കാലത്ത് വികൃതമാക്കപ്പെട്ടതില് പ്രതിഷേധിച്ചാണ് പുരസ്കാരം നിരസിക്കുന്നതെന്നും, പീഡിപ്പിക്കപ്പെട്ട മൂന്നു പെണ്മക്കളുടെ അമ്മയായതുപോലുള്ള വേദന അനുഭവിക്കുന്നിടത്തോളം പുരസ്കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നുമാണ് കാനായി പറഞ്ഞത്. കലയോടുള്ള പ്രതിബദ്ധതയും, സൃഷ്ടിയോടുള്ള തീവ്രമായ ആഭിമുഖ്യവുമാണ് ഈ വാക്കുകളില്‍ തെളിയുന്നത്. സ്വന്തം സൃഷ്ടിയെ വിലമതിക്കാത്തവരുടെയും അപകീര്‍ത്തിപ്പെടുത്തുന്നവരുടെയും കൈകളില്‍നിന്ന് ഒരു മനപ്രയാസവുമില്ലാതെ പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നവരെ കാനായിയുടെ ഈ നിലപാട് മുന്‍കാല പ്രാബല്യത്തോടെ തുറന്നുകാട്ടുന്നുണ്ട്.
ഇടതുപക്ഷ ഭരണത്തിന് കീഴില്‍ കാനായിയുടെ ശില്‍പ്പങ്ങളോട് അതിക്രമം കാണിക്കുന്നതില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുണ്ടാവാം. എല്ലുറപ്പുള്ള കലാകാരന്റെ ആത്മധീരത പ്രകടിപ്പിക്കുന്ന കാനായി തങ്ങളുടെ പാളയത്തിലേക്ക് വരാത്തതിലുള്ള പക അവര്‍ ശില്‍പ്പങ്ങളോട് കാണിച്ചെന്നിരിക്കും. ചില ശില്‍പ്പങ്ങളോടും പ്രതിമകളോടും മാത്രമാണ് ഇടതുപക്ഷത്തിന് ഇത്തരം എതിര്‍പ്പുകള്‍.
തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് തപസ്യ കലാസാഹിത്യവേദിയും മറ്റും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രസ്താവനകളും പ്രമേയങ്ങളും നിവേദനങ്ങളുമൊക്കെയായി മുട്ടാത്ത വാതിലുകളില്ല. ഇങ്ങനെയൊരു ആവശ്യമുയര്ന്നശേഷം പലവട്ടം കേരളം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും തുഞ്ചത്താചാര്യന്റെ പ്രതിമ ജന്മനാട്ടില് വേണ്ടെന്ന് ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നു. മുസ്ലിംലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും മുഖം കറുപ്പിക്കേണ്ട എന്നു കരുതിയാണ് ഇടതു സര്‍ക്കാരുകളുടെ ഈ ആചാര്യനിന്ദ. തുഞ്ചന്‍ പറമ്പില്‍ ആചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍പോലും ഇടതുപക്ഷത്തിന് ഭയമാണ്.
തിരൂരില്‍ സ്ഥാപിക്കാത്ത പ്രതിമയോടാണ് ഇടതുപക്ഷത്തിന് എതിര്‍പ്പെങ്കില്‍, കാലടിയില്‍ എതിര്‍പ്പ് സ്ഥാപിക്കപ്പെട്ട പ്രതിമയോടാണ്. സംസ്കൃത സര്‍വകലാശാലയിലെ ശങ്കരാചാര്യരുടെ പ്രതിമയെ അവഹേളിക്കാന്‍ ലഭിക്കുന്ന ഒരവസരവും സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗം പാഴാക്കാറില്ല. തിരൂരിലേതുപോലെ, ആദിശങ്കരന്റെ ജന്മഭൂമിയിലെ ആചാര്യന്റെ പേരിലുള്ള കലാശാലയില്‍ ഇങ്ങനെയൊരു പ്രതിമ സ്ഥാപിക്കുന്നതിനോടുപോലും ഇക്കൂട്ടര്‍ക്ക് എതിര്‍പ്പായിരുന്നു. ഇടതു ഭരണകാലത്ത് അന്നത്തെ വൈസ് ചാന്‍സലര്‍ക്കുമേല്‍ സമരംവഴിയും മറ്റും വലിയ സമ്മര്‍ദ്ദങ്ങള്‍ ഇതിനുവേണ്ടിവന്നു.
സ്ഥാപക വിസിയായിരുന്ന ആര്. രാമചന്ദ്രന് നായരുടെ കാലത്ത് സംസ്കൃത സര്‍വകലാശാലയില്‍ ലോകത്തെ ഏറ്റവും വലിയ ശങ്കരാചാര്യ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും, പ്രമുഖ ശില്‍പ്പിക്ക് അതിനുള്ള അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തതാണ്. പക്ഷേ ക്യാമ്പസില്‍ ശില്പ്പിയുടെ പണിപ്പുരതന്നെ ഇടതുഭരണകാലത്ത് ചിലര്‍ കത്തിച്ചു കളയുകയായിരുന്നു. ഒരു പരാതിപോലുംകൊടുത്തില്ല.
അഭിനവ ശങ്കരന്റെ കാര്യത്തില്‍ ഇതായിരുന്നില്ല സ്ഥിതി. നിയമസഭാ കവാടം മുതല്‍ പൊതുസ്ഥലം കയ്യേറിയും അല്ലാതെയും ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടു. സംസ്കൃത സര്‍വകലാശാല എന്ന ആശയത്തെപ്പോലും എതിര്ത്തുപോന്നവരായിരുന്നു ഇഎംഎസും ഇടതുപക്ഷവും എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
കാനായിയുടെ ശില്‍പ്പങ്ങളോട് ഇടതുഭരണം കാണിച്ചത് കടുത്ത അനാദരവായിരുന്നു. ശംഖുംമുഖം ശില്‍പ്പത്തിന്റെ പരിസരം ബോധപൂര്‍വം വൃത്തികേടാക്കി. ശില്പത്തിനു മുന്നില്‍ ഹെലികോപ്ടര്‍ സ്ഥാപിച്ചു. പയ്യാമ്പലത്തെ ശില്‍പ്പത്തിനരികെ ടവര്‍ നിര്‍മിച്ചു. വേളിയിലെ ശില്പത്തോടും അനാദരവുണ്ടായി. കാനായി കലഹിച്ചെങ്കിലും ഫലം കണ്ടില്ല. ഒരു ശില്‍പ്പത്തെ കാഴ്ചയില്‍നിന്ന് മറച്ചുപിടിക്കാന്‍ ബോധപൂര്‍വം മറ്റു ചിലത് നിര്‍മിക്കുകയെന്നത് മഹാപാതകവും പാപവുമാണ്.
ഇതിന്റെ പ്രായശ്ചിത്തമായിട്ടാവാം കാനായിക്ക് ‘കേരളശ്രീ’ നല്‍കിയത്. അതിനു ഒരു ചരടുണ്ടായിരുന്നു എന്നര്‍ത്ഥം. അവഹേളനങ്ങളോട് പൊരുത്തപ്പെടാനും, ആര്‍ക്കെങ്കിലും വിലയ്ക്കെടുക്കാനും കഴിയുന്നയാളല്ല കാനായിയെന്ന് അവാര്‍ഡിന്റെ വക്താക്കള്‍ തിരിച്ചറിഞ്ഞില്ല.
എം.പി. പരമേശ്വരന് അവാര്‍ഡ് പ്രഖ്യാപിച്ചതിലും പറ്റി ഇതുപോലൊരു അബദ്ധം. ‘നാലാം ലോക’ത്തിന്റെ വക്താവായ എംപി പണ്ടേ സിപിഎമ്മിന് അനഭിമതനാണ്. സില്‍വര്‍ ലൈന്‍ പോലുള്ള ആഡംബര പദ്ധതികളല്ല കേരളത്തിന് വേണ്ടതെന്ന ശക്തമായ നിലപാട് എടുത്തയാളുമാണ്. സില്‍വര്‍ ലൈനിനെതിരെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച കവി സച്ചിദാനന്ദന് സാഹിത്യ അക്കാദമി അധ്യപക്ഷപദവി നല്കിയതുപോലെ എം.പി. പരമേശ്വരനെ വശപ്പെടുത്താനും കുറഞ്ഞപക്ഷം മയപ്പെടുത്താനുമാണ് ‘കേരളശ്രീ’ നല്കാന് തീരുമാനിച്ചത്. ഇത് തിരിച്ചടിച്ചു. അവാര്‍ഡു വിവരം അറിഞ്ഞ എംപി നിലപാട് കടുപ്പിച്ചു. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിനെ ‘കിടക്കയില്‍നിന്ന് ഇറങ്ങി, താഴെ പായയില്‍ കിടക്കുന്നതുപോലെ’ എന്നു പരിഹസിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്കാരങ്ങള്‍ക്ക് സമാന്തരമായി ഏര്‍പ്പെടുത്തിയിട്ടുള്ള കേരള പുരസ്കാരങ്ങള്‍ക്ക് ദേശീയധാരയില്‍നിന്ന് വിഘടിച്ചു നില്‍ക്കാനുള്ള ഒരു ത്വരയുണ്ട്. അവാര്‍ഡ് നല്കിയില്ലെങ്കില്പ്പോലും ഇതിലൂടെ വിഘടനവാദികളും തീവ്രവാദികളുമായ ജിഹാദി ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യാം. അവാര്‍ഡു വാങ്ങുന്നവര്‍ ഇതില്‍ തെറ്റുകാരല്ലെങ്കിലും സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അങ്ങനെയൊരു ഉദ്ദേശ്യമുണ്ട്. മുന്‍കാലത്ത് കോടികള്‍ മുടക്കി പത്മപുരസ്കാരങ്ങള്‍ വാങ്ങിയിരുന്നവര്‍ക്ക് മോദി ഭരണത്തിന് കീഴില്‍ കഷ്ടകാലമാണ്. അത്തരം പ്രാഞ്ചിയേട്ടന്മാരെ സാന്ത്വനിപ്പിക്കുകയും ചെയ്യാമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: