Categories: Kerala

കത്ത് വിവാദം: അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സിപിഎം, കത്ത് പുറത്തുവിട്ടതില്‍ നടപടിയുണ്ടാകും; മേയര്‍ രാജിവെക്കേണ്ടതില്ലന്ന് ആനാവൂര്‍ നാഗപ്പന്‍

മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ, നാട്ടുകാരല്ലേ'. 'രാഷ്ട്രീയ നിയമനം നടത്താന്‍ പാര്‍ട്ടി പറഞ്ഞതിന് തെളിവെന്താണ്? മേയറുടെ കത്ത് എന്റെ കൈയില്‍ കിട്ടിയിട്ടില്ല. 'കത്ത് വ്യാജമാണോ ഒറിജിനല്‍ ആണോ എന്നത് നിങ്ങള്‍ തിരക്കുക, അത് നിയമപരായ നടപടികള്‍ സ്വീകരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സിപിഎം. തിങ്കളാഴ്ച ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. പാര്‍ട്ടി സഹയാത്രികരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് കത്ത് പുറത്ത് പോയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നാണ് സൂചന.  

മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതി എന്ന വിധത്തില്‍ പ്രചരിക്കുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ല. നിലവിലെ വിവാദങ്ങളില്‍ ആര്യാ രാജേന്ദ്രനോട് സംസാരിച്ചിരുന്നു. മേയര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. എന്നാല്‍ കത്ത് വ്യാജമാണോ എന്ന കാര്യത്തില്‍ ജില്ലാ സെക്രട്ടറി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കും. കത്ത് വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ല. സംഭവത്തെ ഗൗരവമായാണ് കാണുന്നത്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഇല്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

‘നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അങ്ങനെ നിങ്ങള്‍ പറഞ്ഞതെല്ലാം നാണക്കേടാണെങ്കില്‍ ഞങ്ങള്‍ എന്നേ ഇല്ലാതാകുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വസ്തുതയ്‌ക്കുവേണ്ടി നില്‍ക്കുന്നവരാണ്. കോര്‍പ്പറേഷനെതിരെ ഉന്നയിച്ച പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായിട്ടും വീണ്ടും ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടുപിടിക്കപ്പെട്ട അഴിമതികളെ സംബന്ധിച്ച ആരോപണങ്ങള്‍ മാധ്യമങ്ങളോ പ്രതിപക്ഷമോ ആരും ഉന്നയിച്ചതായിരുന്നില്ല. എല്ലാം മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും കണ്ടുപിടിച്ചതാണ്. എന്നാല്‍, കണ്ടുപിടിച്ചവരെ ക്രൂശിക്കുക എന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്. എന്നാല്‍ ഞങ്ങള്‍ കാര്യങ്ങള്‍ നാട്ടുകാരെ അറിയിക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ, നാട്ടുകാരല്ലേ’. ‘രാഷ്‌ട്രീയ നിയമനം നടത്താന്‍ പാര്‍ട്ടി പറഞ്ഞതിന് തെളിവെന്താണ്? മേയറുടെ കത്ത് എന്റെ കൈയില്‍ കിട്ടിയിട്ടില്ല. ‘കത്ത് വ്യാജമാണോ ഒറിജിനല്‍ ആണോ എന്നത് നിങ്ങള്‍ തിരക്കുക, അത് നിയമപരായ നടപടികള്‍ സ്വീകരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. എന്റെ കൈയില്‍ കത്ത് കിട്ടിയിട്ടില്ല, ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ബി.ആര്‍. അനിലിന്റെ കത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അറിയില്ലെ’ന്നുമായിരുന്നു ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്.  

അതേസമയം പാര്‍ട്ടി അനുയായികളായിട്ടുള്ളവരെ ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കത്ത് താന്‍ തയ്യാറാക്കിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പന് അയച്ച വിശദീകരണ കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

Recent Posts