ജയ്പൂര്‍: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ബലാത്സംഗമോ സ്ത്രീപീഡനമോ ഉണ്ടായാല്‍ പ്രിയങ്ക വദ്ര ചാടിയിറങ്ങും. പക്ഷെ രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും പ്രിയങ്ക മൗനം പാലിക്കുകയാണ്.
രാജസ്ഥാനിലെ ജയ്പൂരിലെ ജംദോളിയിലെ ഹോസ്റ്റലില്‍ തുടര്‍ച്ചയായി പ്രദേശത്തുള്ള സാമൂഹ്യദ്രോഹികള്‍ പെണ്‍കുട്ടികളെ പീഢിപ്പിക്കുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതികരണമില്ല. കഴിഞ്ഞ ദിവസം സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടികളുടെ സംഘം ജയ്പൂര്‍-ആഗ്ര ഹൈവേ മണിക്കൂറുകളോളം ഉപരോധിച്ചു. ജംദോലിയിലെ പ്രേം നഗര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്മെന്റിലെ ഹോസ്റ്റല്‍ പെണ്‍കുട്ടികളാണ് പ്രതിഷേധ സമരം നടത്തിയത്. മഴ പോലും വകവെയ്ക്കാതെയായിരുന്നു പെണ്‍കുട്ടികളുടെ ഈ പ്രതിഷേധം.
“ഹോസ്റ്റലില്‍ കയറി അക്രമികള്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്ന സംഭവം വരെയുണ്ടായി. ഇതോടെയാണ് മഴയെ അവഗണിച്ച് പെണ്‍കുട്ടികള്‍ ഹൈവേ ഉപരോധിച്ചത്. സ്വന്തം സീറ്റുറപ്പിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുഖ്യമന്ത്രി ഗെഹ്ലോട്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്. എന്നിട്ടും പ്രിയങ്ക ഗാന്ധി വദ്ര മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്”- ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.
2020ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗത്തെതുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധിക്കാന്‍ നേരിട്ടെത്തിയിരുന്നു. യുപിയിലെ ഉന്നാവോയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിലും പ്രിയങ്ക പ്രതിഷേധിക്കാനെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനില്‍ പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും പ്രിയങ്ക ഗാന്ധി ഇതുവരെ എത്തിനോക്കിയിട്ടില്ല. ബലാത്സംഗക്കേസുകളില്‍ സൗകര്യപൂര്‍വ്വമുള്ള മറവിയാണ് പ്രിയങ്ക പുലര്‍ത്തുന്നതെന്നാണ് ബിജെപിയിലെ നേതാക്കളുടെ പരിഹാസം.
തുടര്‍ച്ചയായി പൊലീസില്‍ പരാതി നല്‍കിയിട്ടും അക്രമികളുടെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുകയാണ്. എന്നാല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരാളും ഈ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലും വരുന്നില്ല. അതേ സമയം, പെണ്‍കുട്ടികള്‍ ഹൈവേ തടസ്സപ്പെടുത്തി സമരം ചെയ്തതോടെ ജയ്പൂരിലെ കനോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഈ സമരത്തിന് ശേഷം ഇപ്പോള്‍ വനിതാ പൊലീസിനെ ഹോസ്റ്റലിന്റെ മുന്പില് നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയ ശേഷവും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: