തൃശൂര്‍: അനര്‍ഹമായി കൈപ്പറ്റിയ വന്‍തുക തിരിച്ചടയ്ക്കാതെ കാര്‍ഷിക സര്‍വ്വകലാശാല വിസി വിവാദത്തില്‍. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം ലഭിക്കുന്ന അടിസ്ഥാന പെന്ഷന് തുക കുറയ്ക്കാതെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിതനായതു മുതല്‍ അനര്‍ഹമായി കൈപ്പറ്റിയിരുന്ന തുകയാണ് തിരിച്ചടയ്ക്കാതെ ഡോ. ആര്. ചന്ദ്രബാബു കൈവശം വെച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച വിവരം കാര്‍ഷിക സര്‍വ്വകലാശാല സാമ്പത്തിക വിഭാഗം മേധാവി കണ്ടെത്തുകയും വിശദമായ നോട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇതനുസരിച്ച്, അനര്‍ഹമായി കൈപ്പറ്റിയ എട്ടര ലക്ഷത്തിന് (8,55,382 രൂപ) മുകളില്‍ വരുന്ന തുക അദ്ദേഹം തിരിച്ചടയ്ക്കേണ്ടതാണ്. എന്നാല്‍ പ്രസ്തുത തുക കഴിഞ്ഞ മാസം അവസാനം വരെയും തിരിച്ചടച്ചതായി സര്‍വ്വകലാശാല സാമ്പത്തിക വിഭാഗം സ്ഥിരീകരിച്ചിട്ടില്ല.
2017 ഡിസം. 28 മുതല്‍ 2021 മെയ് 31 വരെയാണ് ഇത്തരത്തില്‍ അനര്‍ഹമായി പണം കൈപ്പറ്റിയിരിക്കുന്നത്. ഈ മാസം 7ന് വിസി സ്ഥാനത്തു നിന്നും ഡോ. ചന്ദ്രബാബു വിരമിക്കുകയാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടിയാണ് പ്രസ്തുത വിഭാഗത്തില്‍ നിന്നും ലഭ്യമാകുന്നത്. തുക തിരിച്ചടയ്ക്കാന്‍ നടപടി സ്വീകരിക്കേണ്ട സര്‍വ്വകലാശാല രജിസ്ട്രാറോ ധനകാര്യ വിഭാഗം മേധാവിയോ അപ്രീതി ഭയന്ന് അതിന് തയ്യാറാവുന്നില്ലത്രെ.
ഇതിന് ചില രാഷ്ട്രീയ കാരണങ്ങള്‍ കൂടി ഉള്ളതായി അണിയറയില്‍ സംസാരമുണ്ട്. സര്‍വ്വകലാശാല ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ സംഘടനകളെ പരിപോഷിപ്പിക്കുന്നതിനായി അധ്യാപക, അനധ്യാപക വിഭാഗം ജീവനക്കാരെ പ്രസ്തുത സംഘടനകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുള്‍പ്പടെ ഇദ്ദേഹം ചെയ്തു നല്കിയ സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരമാണ് ബന്ധപ്പെട്ടവരുടെ മൗനമെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: