തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ് കേരള പോലീസ് അറിഞ്ഞില്ല. തീവ്രവാദത്തിന് ഫണ്ടിങ് നല്കിയതും കള്ളപ്പണ ഇടപാടുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ, ഇഡി പരിശോധന തുടരുകയാണ്. ന്യൂദല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന.

കോഴിക്കോട് അര്‍ധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. സിആര്‍പിഎഫ് ഭടന്മാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പോലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.

കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് പിഎഫ്ഐ മുന്‍ ദേശീയ സമിതി അംഗത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിക്കാണ് പത്തനംതിട്ടയില്‍ റെയ്ഡ് നടത്തിയത്. മൂന്നു പേര് അറസ്റ്റില്‍ പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു.

പെരുമ്പിലാവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് സംഘം കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ ഓഫീസില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായ മലബാര്‍ ഹൗസില്‍ പരിശോധന നടന്നു. കോട്ടയത്തും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കള്‍ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് പുറമേ പലയിടങ്ങളില്‍ നിന്നും ഡിജിറ്റല്‍ ഡിവൈസുകളും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: