ക്വറ്റ: പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു.
നൂറിലധികം പാകിസ്ഥാൻ സൈനികർ ഞങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഭീകരർ പറഞ്ഞു. ചെറുത്തു നിൽപ്പിനിടെ ആറ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്.
റെയിൽവേ ട്രാക്കുകൾ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിനു പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം. സ്ത്രീകൾ, കുട്ടികൾ, ബലൂച് യാത്രക്കാർ എന്നിവരെ ഇറങ്ങാൻ അനുവദിച്ചതായും പാക് സൈനികർ, പോലീസ്, തീവ്രവാദ വിരുദ്ധ സേന (ATF), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI) എന്നിവയിലെ സജീവ ഡ്യൂട്ടി അംഗങ്ങളെ മാത്രമേ ബന്ദികളാക്കിയിട്ടുള്ളൂവെന്നും ബലൂച് ലിബറേഷൻ ആർമി വക്താവ് പറയുന്നു.
ഈ സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം അവധിയിൽ പഞ്ചാബിലേക്ക് പോവുകയായിരുന്നുവെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാർ ഏതെങ്കിലും സൈനിക ഇടപെടലിന് ശ്രമിച്ചാൽ, എല്ലാ ബന്ദികളെയും വധിക്കുമെന്ന് ഭീകരരുടെ പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: