ജി ശക്തിധരന്
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ക്രിസ്തുമസ് ദിനത്തിന് പോലും കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശബളം നല്‍കാനാകാത്ത അവസ്ഥയില്‍ ദിവസങ്ങളോളം ട്രഷറി പൂട്ടിയിടേണ്ടിവന്നത് എങ്ങിനെ മറക്കാനാകും. അന്നത്തെ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രി ഇ കെ നായനാരെ ‘ക്ഷ ‘ എഴുതിച്ചു .
രാജീവ് ഗാന്ധിയുടെ മുന്നില്‍ മുഖ്യമന്ത്രി നായനാര്‍ അന്ന് എത്രമാത്രം യാചിച്ചു. കൊച്ചിയില്‍ വെല്ലിംങ്ടണ്‍ ഐലന്‍ഡിലെ വിമാനത്താവളത്തില്‍ രാജീവ് ഗാന്ധി ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്കു പോകാന്‍ വന്നിറങ്ങവേയാണ് നായനാര്‍ ഈ ആവശ്യം ഉന്നയിക്കുന്ന കത്ത് , രാജീവിനെ ഏല്‍പ്പിച്ചത്. ഹെലികോപ്ടറില്‍ കെ കരുണാകരന് കൂടി കയറിയത് കൊണ്ടാവും പകുതി തമാശമട്ടില്‍ നായനാര്‍ അപ്പോള്‍ തന്നെ പറഞ്ഞു : ‘ഈ കത്ത് അവിടെ എത്തിയിട്ട് തുറന്നാല്‍ മതി എന്ന്.’ നായനാറിന്റെ ആ വാക്കുകള്‍ കേട്ട് രാജീവ്ഗാന്ധി പൊട്ടിച്ചിരിച്ചപ്പോള്‍ അതില്‍ നായനാരും കൂടിയെങ്കിലും അപ്പോഴും നായനാരുടെ മനസ് കേരളത്തിലെ സാമ്പത്തിക സ്ഥിതി ഓര്‍ത്ത് ഞെരിപൊരി കൊള്ളുകയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ മനസ്സില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്തുമാത്രം സംഘര്‍ഷമാണ് ഉണ്ടാക്കുന്നതെന്ന് ഒരു പത്രപ്രവര്‍ത്തകനായ ഞാന്‍ നേരില്‍ കണ്ടു മനസിലാക്കിയ ദിവസമാണ് അത്. നമ്മള് പൊതുവെ കാണുന്നത് ആകാശത്തു ഇഷ്ട്ടം പോലെ പറക്കുകയും ഭൂമിയിലെ എല്ലാ സുഖസൗകര്യങ്ങളില്‍ ആറാടുകയും എപ്പോഴും ശീതീകരിച്ച മുറികളില്‍ മാത്രം കഴിയുകയും ചെയ്യുന്ന മുഖ്യമന്ത്രിയെയാണ്. എന്നാല്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ പ്രജകള്‍ക്കുവേണ്ടി വെന്തുരുകുന്ന ഒരു മുഖ്യമന്ത്രിയുടെ മനസ്സ് അടുത്തു നിന്ന് കാണാനവസരം കിട്ടിയ അപ്പൂര്‍വ്വ സന്ദര്‍ഭമായിരുന്നു അത്.
അന്നൊരു ഞായറാഴ്ചയായിരുന്നു. കൊച്ചിയില്‍ വെല്ലിങ്ടന്‍ ഐലന്‍ഡില്‍ ആയിരുന്നു അന്ന് വിമാനത്താവളം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച എന്റെ പ്രസ്സ് പാസ്സ് വാങ്ങാന്‍ പഴയ കലക്ടറേറ്റില്‍ കയറവേയാണ് രാജേന്ദ്രമൈതാനത്തിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട മുഖ്യമന്ത്രിയുടെ കാറില്‍ നിന്ന് തുടരെ തുടരെ ഹോണ്‍ കേട്ടത്. ഉടനെ ഗസ്റ്റ് ഹൗസില്‍ എത്താന്‍ കാറിലിരുന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചപ്പോള്‍ കാര്യം ഊഹിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയായിരിക്കെ കാറില്‍ പോകുമ്പോള്‍ സാധാരണ കാര്‍ നിര്‍ത്തി സംസാരിക്കുന്ന പ്രകൃതക്കാരനല്ല നായനാര്‍. എന്തെങ്കിലും അടിയതിര ആവശ്യം ഞാന്‍ പ്രതീക്ഷിച്ചെങ്കിലും പി ആര് ഡി സെക്ഷനില്‍ കയറി ഞാന്‍ പാസും വാങ്ങി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോള്‍ നായനാര്‍ വളരെ അസ്വസ്ഥനായിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം ഉദ്യോഗസ്ഥര്‍ ആരുമില്ല. ഒറ്റയ്ക്കാണ് വന്നത്. നായനാര്‍ അപ്പോള്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇങ്ങിനെ ആയിരുന്നു : ‘ഓവര്‍ഡ്രാഫ്റ്റ് തടഞ്ഞതിനെതിരെ പ്രധാനമന്ത്രിക്ക് ഒരു കത്ത് കൊടുക്കണം. ‘ ലെറ്റര്‍ ഹെഡോ? എന്ന എന്റെ ചോദ്യം നായനാരെ ക്ഷുഭിതനാക്കി.ഒരു സാധാരണ കടലാസ്സില്‍ മതി എന്നായി നായനാര്‍. ഇത് അപ്രതീക്ഷിത യാത്രയായിരുന്നുവത്രെ. എന്റെ കയ്യിലോ നായനാരുടെ കയ്യിലോ വെള്ള കടലാസുമില്ല. ഗസ്റ്റ് ഹൗസ് ഓഫീസാണെങ്കില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രം. അവിടെയും നല്ല കടലാസ് ഇല്ല. അവസാനം കട്ടിയുള്ള പരുക്കന്‍ കടലാസ് ഓഫീസില്‍ നിന്ന് സംഘടിപ്പിച്ചു. മറ്റൊരാള്‍ക്കു വായിക്കാന്‍ ബുദ്ധിമുട്ടുള്ള എന്റെ കൈപ്പടയില്‍ കത്ത് എഴുതി ഒപ്പിച്ചു .നായനാര്‍ക്കു വായിച്ചു കേള്‍പ്പിച്ചു ബോധ്യപ്പെടുത്തി. എനിക്കാണെങ്കില്‍ ഇതെല്ലാം ചോര്‍ത്തി ആരെങ്കിലും വാര്ത്തയാക്കിയാലോ എന്ന ഉള്‍ഭയവും. അവസാനം രാജിവ് ഗാന്ധി വിമാനമിറങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രി ഹെലികോപ്റ്ററിനടുത്ത് എത്തി കത്തു കൈമാറി. നായനാരെ പ്രധാനമന്ത്രി സ്നേഹമസൃണമായി സ്വീകരിച്ചു.
പ്രധാനമന്ത്രിയുടെ കയ്യിലിരിക്കുന്ന കത്ത് ഞാന്‍ എഴുതിയതാണെന്ന് അറിയാവുന്നവര്‍ മുഖ്യമന്ത്രിയും ഞാനും മാത്രം. പക്ഷെ വിമാനത്തില്‍ നിന്ന് ഗുരുവായൂരില്‍ എത്തിയപാടെ കെ കരുണാകരന് ഈ കത്തിന്റെ കാര്യം പത്രക്കാരുടെ മുന്നില്‍ എടുത്തിട്ട് നായനാരെ പരിഹസിച്ചു. പ്രധാനമന്ത്രിയോട് കാണിക്കേണ്ട ബഹുമാനം കാണിച്ചില്ലെന്നും ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ പോലും ഒരു കത്ത് കൊടുത്തില്ല,സീലില്ല എന്നുമൊക്കെ അദ്ദേഹം തട്ടിവിട്ടു. എല്ലാം ശരിയാണ്. പക്ഷെ ഞായറാഴ്ച അതെല്ലാം എവിടെ നിന്ന് സംഘടിപ്പിക്കാന്‍. അതല്ലെങ്കിലും ഇതുവല്ലതും കൂസുമോ നായനാര്‍. കെ കരുണാകരന്റെ ആക്ഷേപത്തിന് നായനാരുടെ പത്രസമ്മേളനത്തിലെ മറുപടിയായിരുന്നു കേമം. ‘ഞാനല്ലേ കത്തു കൊടുത്തത്. ഞാന്‍ മുമ്പില്‍ ഉള്ളപ്പോള്‍ എന്ത് ലെറ്റര്‍ ഹെഡ്’ അതോടെ അതെല്ലാം നായനാര്‍ നനഞ്ഞപടക്കമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: