ന്യൂദല്‍ഹി: കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂട്ടോയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നാളെ കെനിയ സന്ദര്‍ശിക്കും. ശേഷം സെപ്റ്റംബര്‍ 14നും 15നും മുരളീധരന് എരിട്രിയയില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തും. കെനിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്.
ഇന്ത്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരെ അദ്ദേഹം കാണുകയും അഭിസംബോധനചെയ്യുകയും ചെയ്യും. കെനിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരുമായുള്ള ആശയവിനിമയത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിലും അദേഹം പങ്കെടുക്കും. ഉന്നതതല രാഷ്ട്രീയസന്ദര്ശനങ്ങള് കെനിയയുമായുള്ള ഇന്ത്യയുടെ സൗഹാര്‍ദത്തിനും ചരിത്രപരമായ ബന്ധത്തിനും കരുത്തേകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നും പ്രതീക്ഷയുണ്ട്.
എരിട്രിയയില്‍ പ്രസിഡന്റ് ഇസൈയാസ് അഫ്വെര്ക്കിയെ സന്ദര്‍ശിക്കുന്ന മുരളീധരന് എരിട്രിയ വിദേശമന്ത്രി ഒസ്മാന്‍ സാലെ മൊഹമ്മദമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി വിഷയങ്ങള്‍ക്കും പ്രാദേശിക വിഷയങ്ങള്‍ക്കും പുറമെ പരസ്പരതാല്‍പ്പര്യമുള്ള അന്തര്‍ദേശീയവിഷയങ്ങളില്‍ ഇരുമന്ത്രിമാരും ചര്‍ച്ചനടത്തും. സന്ദര്‍ശനവേളയില്‍ എരിട്രിയയിലെ ഇന്ത്യന്‍ സമൂഹവുമായും കേന്ദ്രസഹമന്ത്രി സംവദിക്കും.
എരിട്രിയയുമായി ഇന്ത്യക്കുള്ളത് ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ്. 1993ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം, എരിട്രിയയിലെ യുവാക്കള്‍ക്കു വിവിധമേഖലകളിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രൊഫസര്‍മാരും അധ്യാപകരും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമായി വലിയൊരു ഇന്ത്യന്‍ സമൂഹമാണ് എരിട്രിയയില്‍ താമസിക്കുന്നത്. എരിട്രിയയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഈ സന്ദര്‍ശനം പുതിയ ഊര്‍ജം പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: