കൊച്ചി: പെരിയാറിനെ ‘ക്ലാസ്സ് ബി’ നിലവാരത്തിലേക്കുയർത്താനുള്ള ദേശീയ ഹരിത ട്രൈബുണലിന്റെ ഉത്തരവ് കേരളം നദീസംരക്ഷണസമിതി സ്വാഗതം ചെയ്തു . മലിനജലം പുഴയിലേക്കൊഴുക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ട്രിബുണലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും ഇപ്പോഴും മലിനജലം പുഴയിലേക്കൊഴുക്കുന്നതു തടയാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചിട്ടില്ല. ആലുവയിൽ മാത്രം എട്ടോളം ആഴുപത്രികളിലെ മാലിന്യങ്ങൾ പെരിയാറിൽ ഒഴുകിയെത്തുന്നുണ്ട്. കോതമംഗലം, കാലടി, പെരുമ്പാവൂർ തുടങ്ങിയ നഗരങ്ങളിലെ മാലിന്യങ്ങളും പുഴയിലെത്തുന്നു. ചില കമ്പനികളുടെയും വീടുകളിലെയും ടോയ്ലറ്റ് മാലിന്യവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിനു സ്ഥാപനങ്ങളിലെ അറവുമാലിന്യവും പെരിയാറിലാണ് നിക്ഷേപിക്കുന്നത്. ഇതിനെതിരെ എത്ര പരാതികൊടുത്താലും അനങ്ങാപ്പാറ നയമാണ് സർക്കാർ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്.
മൂന്ന് ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിനെ മണലെടുക്കാനും വെള്ളമെടുത്തുവിൽക്കാനുമുള്ള കറവപ്പശു മാത്രമായിട്ടാണ് ഇപ്പോൾ സർക്കാരും മാഫിയകളും കാണുന്നത്. ഏറ്റവുമൊടുവിൽ നദികളിൽ നിന്ന് മണൽ കൊള്ളയടിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. സർക്കാർ നടത്തി എന്ന് പറയുന്ന സർവേയിൽ പരിസ്ഥിതി സംഘടനകളെയോ പ്രവർത്തകരെയോ അറിയിച്ചിട്ടില്ല. ഏകപക്ഷീയമായ തീരുമാനമാണ് നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ പ്രവർത്തകരുടെ നിർദേശങ്ങൾ കേൾക്കണം.
കുടിവെള്ളത്തിനാണ് ഏറ്റവും പ്രാധാന്യമെന്ന് ഇവരാരും തിരിച്ചറിഞ്ഞിട്ടില്ല. നദി ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളും പ്രദേശങ്ങളും സമിതി സന്ദർശിച്ച് വസ്തുതകൾ വിലയിരുത്തണം. പുഴയിലേക്ക് പതിവായി മാലിന്യം ഒഴുക്കുന്ന കമ്പനിക്കു മികച്ച പരിസ്ഥിതി സുരക്ഷാ അവാർഡ് നൽകുന്നതുപോലുള്ള കീഴ്വഴക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഇത്തരം നടപടികൾ അടിയന്തിരമായി അവസാനിപ്പിക്കണം. മോണിറ്ററിംഗ് കമ്മറ്റിയുടെ സഹകരിക്കാനും ഇതിനാവശ്യമായ സഹായങ്ങൾ നൽകാനും നദീസംരക്ഷണ സമിതി തയ്യാറാണ്.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എസ്.പി രവി, ജന.സെക്രട്ടറി വേണു വാരിയത്ത്, മീനച്ചിൽ നദീ സംരക്ഷണസമിതി പ്രസിഡണ്ട് ഡോ. രാമചന്ദ്രൻ, ടി .എൻ പ്രതാപൻ, ഏലൂർ ഗോപിനാഥ്, മയ്യഴി പുഴ സംരക്ഷണ സമിതി പ്രവർത്തക രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: