ന്യൂദല്‍ഹി : മദ്യനയ കേസുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സിബിഐ. സിസോദിയയെ കൂടാതെ 11 പേര്‍ക്ക് കൂടി സിബിഐ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സിസോദിയയുടെ വീട്ടില്‍ തെരച്ചില്‍ നടത്തി രേഖകള്‍ കണ്ടെടുത്തിരുന്നു. പിന്നാലെ ഇഡിയും കേസെടുതിട്ടുണ്ട്.
2021 നവംബറില്‍ നടപ്പിലാക്കിയ മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് ആരോപണം. ദല്‍ഹി സര്ക്കാര്മദ്യനയം നടപ്പാക്കി തുടങ്ങുന്നത് മുമ്പ്വരെ സര്‍ക്കാരിന്റേയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്ലറ്റുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്.
പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യവില്പനയില്നിന്നും പൂര്‍ണമായി പിന്മാറി. തലസ്ഥാനത്തെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്ലറ്റുകള്‍ക്കാണ് ടെന്‍ഡര്‍ വിളിച്ച് അനുമതി. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും കാര്യങ്ങള്‍ മറിച്ചായിരുന്നു. പുതിയ സ്വകാര്യ ഔട്ട്ലറ്റുകളിലൂടെ മത്സരിച്ച് വില്പന തുടങ്ങിയതോടെ മദ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയര്‍ന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.
കൂടാതെ ലൈസന്‍സ് ഫീയില്‍ നല്കിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികള്‍ സര്‍ക്കാറിന് വലിയ വരുമാന നഷ്ടമാണുണ്ടാക്കിയത്. മദ്യനയം ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് നടപ്പിലാക്കിയതെന്നും ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കും ദല്‍ഹി മുഖ്യമന്ത്രിക്കും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പുതുതായി ചുമതലയേറ്റ ലഫ് ഗവര്‍ണര്‍ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികള്‍ ലഭിച്ചു. ഇതോടെ ഗവര്‍ണര്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്കി. പിന്നാലെ അപകടം മണത്ത ആം ആദ്മി സര്‍ക്കാര്‍ ജൂലൈ 30 ന് മദ്യനയത്തില്‍നിന്നും പിന്മാറി. ആഗസ്റ്റ് മുതല്‍ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഔട്ട്ലറ്റുകളിലൂടെ മാത്രം മദ്യവില്പന നടത്തുമെന്നും വിവാദങ്ങളില്‍ നിന്നും ഒഴിവാകുന്നതിനായി മനീഷ് സിസോദിയ പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ അത് സിസോദിയയിലേക്കും എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: