സി.വി. തമ്പി
വനവാസകാലത്ത് ശ്രീരാമന് സീതയോടും ലക്ഷ്മണനോടുമൊത്ത് ചിത്രകൂടപര്‍വതത്തില്‍ താമസിക്കും കാലം. വനഭംഗി ആസ്വദിക്കുന്ന ശ്രീരാമന് സീതയ്ക്കും അത് വിവരിച്ചു കൊടുക്കുന്നു. അങ്ങനെ പ്രവാസജീവിതം സീതയ്ക്കും ആസ്വാദ്യകരമായി തോന്നുന്നു. ഈ കാനന ജീവിതം ദ്വന്ദഗുണങ്ങള്‍ ശ്രീരാമനില്‍ ഉളവാക്കിയതായി കാണാം. ഒന്ന് ധര്മത്തില് ഉറച്ചു നില്ക്കുന്ന അച്ഛന്റെ കടംവീട്ടല്‍. രണ്ട് സഹോദരന് ഭരതന്റെ ആഗ്രഹപൂര്‍ത്തീകരണം.
ശ്രീരാമന് വനത്തില്‍ വെച്ച് സീതയോടു പറയുന്നു: ‘പ്രിയേ, നഗരവാസത്തേക്കാള് എനിക്കു പ്രിയതരമായി തോന്നുന്നത് ഈ കാനനവാസമാണ്. ചിത്രകൂടാചലം അയോധ്യാനഗരിയാണ്. ഇവിടത്തെ ശാന്തസ്വഭാവികളായ മൃഗങ്ങള്‍ പൗരന്മാരാണ്’.
അങ്ങനെ നീങ്ങവേ, ചിത്രകൂടത്തില്‍ പെട്ടെന്നുണ്ടായ ഭയാനക ശബ്ദങ്ങളും പൊടിപടലവും പക്ഷിമൃഗാദികളെ പരിഭ്രാന്തരാക്കി. ശബ്ദകോലാഹലങ്ങള്‍ കേട്ട ശ്രീരാമന് അതെന്താണെന്ന് അന്വേഷിച്ചറിയാന്‍ ലക്ഷ്മണനെ ചുമതലപ്പെടുത്തുന്നു. മരത്തില്‍ കയറി നോക്കിയ ലക്ഷ്മണന്, ചതുരംഗപ്പടയുമായി സൈന്യം ആക്രമണത്തിനു വരുന്നതായി മനസ്സിലാക്കി. പക്ഷെ പാരിജാതം അടയാളമുള്ള കൊടിയാണ് രഥത്തില്‍ പാറുന്നത്, അതു ഭരതന്റേതാണ്. ‘ഉടന്‍ പടച്ചട്ടയണിയണം, ആയുധമേന്തണം’ എന്നൊക്കെ ലക്ഷ്മണന് പുലമ്പുന്നുണ്ടെങ്കിലും രാമന് സമചിത്തതയോടെയാണ് പ്രതികരിച്ചത്: ‘യുദ്ധ സന്നാഹത്തോടെയാണ് അവനെത്തുന്നതെങ്കിലും നാം ആയുധങ്ങെളൊന്നും എടുക്കേണ്ട’. ശ്രീരാമന് തുടര്‍ന്നു പറയുന്നു: ‘ശോകസന്തപ്തനായ അവന് സ്നേഹപൂര്‍ണമായ മനസ്സോടെ നമ്മെ കാണാന്‍ വരികയാണ്’.
അചഞ്ചലമായ ധര്‍മബോധം
രണ്ടു പ്രധാന വസ്തുതകള്‍ ഈ സന്ദര്‍ഭം വെളിപ്പെടുത്തുന്നു. ലക്ഷ്മണനിലെ നിഷേധാത്മകമായ ലൗകിക കാഴ്ചപ്പാട് ഒരു വശത്തും മറുവശത്ത് രാമനിലെ മൂല്യബോധവും ഔന്നത്യമുള്ളതുമായ ഉദാത്ത ദര്‍ശനവും. ഈ ദര്‍ശന സുകൃതമാണ് രാമനെ ഭജിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. രാമനില്‍ ഉദിക്കുന്ന മാനസികൗന്നത്യം എന്തുകൊണ്ടോ ലക്ഷ്മണനില്‍ പെട്ടെന്ന് ഉദിക്കുന്നില്ല.
ആക്രമിക്കാനല്ല ഭരതന് വന്നതെന്ന് തുടര്‍ സര്ഗങ്ങള് വെളിപ്പെടുത്തുന്നുണ്ടല്ലോ. ശ്രീരാമാദികളുടെ വാസസ്ഥലമാണിവിടം എന്നറിഞ്ഞ ഭരതന് മുന്നോട്ടു നീങ്ങി. അത് നടത്തമായിരുന്നില്ല, ഓട്ടമായിരുന്നു. ‘ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും ദിവ്യപാദങ്ങളില്‍ ഞാനിതാ നമസ്കരിക്കുന്നു’എന്ന് വിലപിച്ചുകൊണ്ട് ഭരതന് ശ്രീരാമചന്ദ്രന്റെ പാദാരവിന്ദങ്ങളില്‍ ചെന്നു പതിച്ചു. തുടര്‍ന്ന് രാമന് ഭരതനെ ഉദ്ബോധിപ്പിക്കുന്നു: ‘സന്മാര്ഗത്തില് നിന്നും അണുവിട വ്യതിചലിക്കാത്തവരായിരുന്നു, നമ്മുടെ പൂര്‍വികര്‍. നീയും അതേ പാത പിന്തുടര്ന്ന് രാജ്യം ഭരിക്കണം’.
വന്ദ്യപിതാവ് ദിവംഗതനായ വിവരം ഭരതന് രാമനെ അറിയിച്ചപ്പോള്‍ രാമവിലാപം കണ്ണുനീരായി ലക്ഷ്മണനിലേക്കും സീതയിലേക്കും പടര്‍ന്നു. തുടര്‍ന്ന് ശ്രീരാമന് പിതാവിന്റെ ഉദകക്രിയ നടത്തുന്നു. ഏതു പ്രതിസന്ധിയിലും ധര്‍മം വെടിയാത്ത മനശുദ്ധിയാണ് ശ്രീരാമനെ പൂജാര്‍ഹനും ഈശ്വര തുല്യനുമാക്കുന്നത്. ‘രാമനെ പൂജിക്കാനെന്തിരിക്കുന്നു?’ എന്ന അഭിനവ യുക്തിചിന്തകരുടെയും നീതിബോധവിശ്വാസികളുടെയും ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്.
രഘുവംശദീപമായ ശ്രീരാമചന്ദ്രന്
അയോധ്യാഭരണം തിരിച്ചെടുത്ത് നാടിനെ നയിക്കണം എന്ന ഭരതന്റെ (മാത്രമല്ല, ഭരണതന്ത്രജ്ഞരുടെയും ആചാര്യന്മാരുടെയും) അഭ്യര്‍ഥനയെ രാമന് തിരസ്കരിക്കുന്നതും ഉയര്‍ന്ന മൂല്യബോധത്തോടെയും ധര്മബോധത്തോടെയുമാണ്. പിതൃഹിതം ഒരിക്കലും പാലിക്കാതിരിക്കരുതെന്നും മാതാപിതാക്കള്‍ ധര്മിഷ്ഠരാണെന്നും തനിക്ക് കല്പിച്ചിരിക്കുന്നത് പതിന്നാലാണ്ടത്തെ വനവാസമാണെന്നും ഭരതന് രാജ്യഭാരമാണെന്നും രാമന് വിസ്മരിക്കുന്നില്ല. അത് അനുസരിക്കാന്‍, ഏതവസ്ഥയിലും തങ്ങള്‍ ബാധ്യസ്ഥരാണെന്നും ശ്രീരാമന് ഭരതനെ ഓര്‍മിപ്പിക്കുന്നു. ഏതെങ്കിലും നിമിത്തഫലമായി ലഭിക്കുന്ന അവസരത്തെ നിയോഗ ലംഘനത്തിന് ഉപയുക്തമാക്കാന്‍ രാമന് തയാറാകുന്നില്ല. ഈ ദൃഢചിത്തത രാമന്റെയും രാമായണത്തിന്റെയും മഹിമ വര്‍ധിപ്പിക്കുന്നു.
സദ്ഗുണങ്ങളുടെ കേദാരഭൂമികയാണ് രഘുവംശദീപമായ ശ്രീരാമചന്ദ്രന്. ഇഷ്ടംപോലെ എന്തും പ്രവര്‍ത്തിക്കാനുള്ളതല്ല മനുഷ്യജീവിതമെന്നും ഇച്ഛപോലെ ഈശ്വരന് അങ്ങോട്ടും ഇങ്ങോട്ടും വലിക്കുമെന്നും രാമനറിയുന്നു. വിനാശം വരെയാണ് നേട്ടമെന്നും അധോഗതിയാണ് അഭിവൃദ്ധിയെന്നും (ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം) വിയോഗം വരെയാണ് കൂടിച്ചേര്ച്ചയെന്നും മരണം വരെയാണ് ജീവിതമെന്നും, രാമന്, ഉത്കൃഷ്ടമനസ്സോടെ ഔന്നത്യ വീക്ഷണത്തോടെ തിരിച്ചറിയുന്നു. തന്നെയുമല്ല, ഭൗതിക സുഖഭോഗങ്ങളുടെ താല്കാലിക മാസ്മരികത നൈതിക മൂല്യങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമായി ഭവിക്കുന്നു എന്നും അതിനാല്‍ ഭോഗേച്ഛയ്ക്ക് അടിപ്പെടാത്ത ജീവിതമാണ് മനുഷ്യരാശിക്ക് ഉത്തമമെന്നും ഈ ഇതിഹാസകാവ്യം നമ്മെ പഠിപ്പിക്കുന്നു. ശ്രീരാമന്റെ വാക്കുകളിങ്ങനെ:’ആത്മീയസുഖം നേടുകയെന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം’. ഈ സുഖം അനുഭവിച്ചറിയണമെങ്കില്‍ നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല സുഖങ്ങളും ത്യജിക്കേണ്ടതായിട്ടുണ്ട്. കൂടാതെ, ആത്മീയ സുഖാന്വേഷണം ഒരു സപര്യയായി ഏറ്റെടുക്കുകയും വേണം. അതിനുള്ള സരോപദേശങ്ങളും മൂല്യവര്‍ധിത ഉപകഥകളും രാമായണ കാവ്യത്തില്‍ ഉടനീളമുണ്ട്. നാം പാലിക്കുകയേ വേണ്ടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: