ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന 10 പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഒരു പോലീസ് സംഘം ഇതിനകം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
കര്‍ണാടകയില്‍ കൊലപാതകങ്ങള്‍ നടത്തി അക്രമികള്‍ കേരളത്തിലേക്ക് രക്ഷപ്പെടുന്ന ഒരു പാറ്റേണ്‍ നിലവില്‍ ഉണ്ട്. എന്നാല്‍ ഇത്തവണ കര്‍ണാടകയും കേരളവും സംയുക്തമായി ഓപ്പറേഷന്‍ ഏറ്റെടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അരാഗ ജ്ഞാനേന്ദ്രയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അന്വേഷണം നിരീക്ഷിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും മുതിര്‍ന്ന എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മംഗളൂരുവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവീണ്‍ കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടക പോലീസ് അയല്‍ സംസ്ഥാനമായ കേരള പോലീസിന്റെ സഹായം തേടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കി. കേരളത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. അതിനാല്‍ കര്‍ണ്ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടുവരികയാണ്. മംഗളൂരു എസ്പി കാസര്‍കോട് എസ്പിയുമായും ഞങ്ങളുടെ ഡിജി കേരളാ ഡിജിയുമായും സംസാരിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ബൊമ്മൈ പറഞ്ഞു.
ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു ശ്രമമാണെന്ന് തോന്നുന്നു. മുമ്പത്തെ സംഭവങ്ങളില്‍ അത്തരം സമാനതകളുണ്ട്. ഞങ്ങള്‍ ഇത് സമഗ്രമായി പഠിക്കുകയാണ്, തുടര്‍ന്ന് ഞങ്ങള്‍ കാരണത്തിന്റെ വേരുകളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം ഉണ്ടായതിനെ തുടര്‍ന്ന് രോഷം കൊലപാതക സംഭവത്തോടാണെന്നും അത് സര്‍ക്കാരിനെതിരെയല്ലെന്നും ബൊമ്മൈ പറഞ്ഞു.
കൂടെ ആരുമില്ലാതിരുന്ന സമയത്താണ് അക്രമികള്‍ പ്രവീണിനെ ആക്രമിച്ചത്. ശേഷം പ്രതിള്‍ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവില്‍പ്പോയി. സംസ്ഥാനത്ത് അക്രമവും പ്രതിസന്ധിയും സൃഷ്ടിക്കാനുള്ള ഒരു കൂട്ടരുടെ ആസൂത്രിത ഗൂഢാലോചനയാണിത്. ഈ വിഭാഗം ഇതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
തങ്ങള്‍ ആ ചിന്താഗതിയിലുള്ളവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവീണ്‍ കുമാര്‍ നെട്ടറുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്യുകയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യും. പ്രവീണിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് താങ്ങാന്‍ ദൈവം ശക്തി നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: