തിരുവനന്തപുരം: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും അതിരുകടന്ന ബഹളവും പ്രതിഷേധവും നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ രാജ്യത്തിന്റെ വികസനത്തിന് തടസം നില്‍ക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സഭ തടസപ്പെടുത്താന്‍ നേതൃത്വം കൊടുക്കുന്നത് കേരളത്തില്‍ നിന്നുള്ള എംപിമാരാണെന്നും അദ്ദേഹം ഇത് അവരുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നാണക്കേടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്വന്തം മണ്ഡലങ്ങളുടെ വികസന കാര്യത്തില്‍ ശ്രദ്ധിക്കാതെ ലോക്സഭയില്‍ അഴിഞ്ഞാടുകയാണ് കോണ്‍ഗ്രസ് എംപിമാര്‍. ഇടതുപക്ഷ എംപിമാരാവട്ടെ ഇവരെ മാതൃകയാക്കി രാജ്യസഭയില്‍ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണ്.അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും സഭ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടാക്കിയില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്ലക്കാര്‍ഡ് ഉയര്‍ത്തലും നടുത്തളത്തില്‍ ബഹളവും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി വന്നപ്പോള്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് മാതൃകാപരമായ കാര്യമാണ്. രാജ്യത്തിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കേണ്ട പാര്‍ലമെന്റിനെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കും. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: