പാലക്കാട്: വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കേരളത്തില്‍ തങ്ങിയ ബംഗ്ലാദേശ് യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം(37) ആണ് അറസ്റ്റിലായത്.കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ പാണംപള്ളത് താമസിച്ച് വരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഫോറിനേഴ്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
ചിറ്റില്ലഞ്ചേരിയില്‍ വീട്ടമ്മയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങളും, പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ആലത്തൂര്‍ എരിമയൂര്‍ സ്വദേശി സുബൈറിനൊപ്പം താമസിച്ചു വരികയായിരുന്നു. സുബൈര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടെ താമസിച്ച യുവതിയുടെ വിവരം ലഭിക്കുന്നത്.
ഇക്കഴിഞ്ഞ ഏഴിനാണ് ചിറ്റില്ലഞ്ചേരി കടമ്പിടി വട്ടോമ്പാടം ജലീലിന്റെ വീട്ടീല് നിന്നാണ് 60,000 രൂപയും, എട്ടരപ്പവന്‍ സ്വര്‍ണവും സുബൈര്‍ കവര്‍ന്നത്. കോളിങ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന ജലീലിന്റെ ഭാര്യ ഫൗസിയയുടെ കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിച്ച് അകത്തു കടന്ന് വാതിലടച്ചാണ് മോഷണം നടന്നത്. കനത്ത മഴയായതിനാല്‍ ഫൗസിയയുടെ നിലവിളി സമീപവാസികള്‍ കേട്ടില്ല.
ആലത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ സിസിടിവികളും, മൊബൈല്‍ കോളുകളും, ഇത്തരം കേസുകളില്‍പെട്ട മറ്റു പ്രതികളെയും നീരീക്ഷിച്ചതില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ തമിഴ്നാട്ടിലെ വിവിധ കേസുകളിലും പ്രതികളാണെന്ന് ആലത്തൂര്‍ എസ്ഐ അരുണ്‍കുമാര്‍ പറഞ്ഞു.
കൊഴിഞ്ഞാമ്പാറ എസ്ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റുമാ ബീഗത്തെ അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: