ഗായത്രിയുടെ 24 ശക്തിധാരകള്‍
ഗോമാതാവിനാണ് പയസ്വിനി എന്നുപറയുന്നത്. സ്വര്‍ഗത്തില്‍ വസിക്കുന്ന കാമധേനുവിനും പയസ്വിനി എന്നാണ് പറയുന്നത്. ഗായത്രീസാധന സഫലമാക്കുന്നതില്‍ സാധകന്റെ ബ്രഹ്മത്വത്തിനും ഗോമാതാവിന്റെ സാന്നിദ്ധ്യത്തിനും മഹത്തായ പങ്കുണ്ട്. പഞ്ചാമൃതവും പഞ്ചഗവ്യവും അമതൃസമാനമായി കരുതപ്പെടുന്നു. ഗോമയവും (ചാണകം) ഗോമൂത്രവും വളത്തിനും രോഗചികിത്സയ്ക്കും എന്തുമാത്രം ഉപകരിക്കപ്പെടുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഗോവിനെ ഒഴിവാക്കിക്കൊണ്ടുള്ള ഭാരതീയവ്യവസ്ഥിതി സാദ്ധ്യമേ അല്ല. പോഷകാഹാരങ്ങളില്‍ പാല് ഒന്നാംസ്ഥാനത്താണ്. ഗോക്കളുടെ സൃഷ്ടി ആദ്യന്തം സാത്വികപൂര്ണമാണ്. ഈ രാജ്യത്ത് പയസ്വിനികളുടെ മഹത്വം മനസ്സിലാക്കിയിരുന്നിടത്തോളം കാലം ഇവിടെ പാല്‍പ്പുഴകള്‍ ഒഴുകുകയും മനുഷ്യര്‍ ശാരീരികമായും മാനസികമായും ദേവസമന്മാരായി ജീവിക്കുകയും ചെയ്തിരുന്നു.
ഗായത്രീസാധകന്റെ അന്തഃകരണത്തില്‍ കാമധേനു അവതരിക്കുന്നു. അവന്റെ ആശയാഭിലാഷങ്ങള്‍ സദ്ഭാവനകളായി രൂപാന്തരപ്പെടുന്നു. തല്‍ഫലമായി. ലോകത്തിലെ വലിയ വലിയ കഷ്ടപ്പാടുകളില്‍നിന്നും അസംതൃപ്തിയില്‍നിന്നും അവനു മോചനം ലഭിക്കുന്നു. ആശകള്‍ക്ക് അവസാനമില്ല. ഒന്നു നിറവേറ്റുമ്പോഴേയ്ക്കും അതിലും വലുതായ മറ്റൊന്ന് ഉടലെടുക്കുന്നു. ലോകത്തിലെ മൊത്തം സാധനസാമഗ്രികളും ചേര്‍ന്നാല്‍ തന്നെയും ഒരു മനുഷ്യന്റെ ആശകള്‍ പൂര്‍ത്തീകരിക്കാന്‍ മതിയാകുകയില്ല. സദ്ഭാവനകള്‍ മാത്രമേ പൂര്‍ണമാകുകയുള്ളൂ. ആഗ്രഹിച്ച ഫലം ലഭിക്കാതെവന്നാല്തന്നെയും തന്റെ ഉദ്ദേശ്യവും പ്രവൃത്തിയും ഉല്കൃഷ്ടമായിവരുന്നുവെന്ന കാരണത്താല്‍ ഉള്ളില്‍ ആനന്ദവും ഉല്ലാസവും വിളയാടുന്നു. ചിന്തയുടെ ഈ നിലയ്ക്കാണ് കല്പവൃക്ഷമെന്നു പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇതുതന്നെയാണ് കാമധേനു.
ഗായത്രീമാതാവിന്റെ പ്രേരണയാല്‍ അന്തരാത്മാവില്‍ ഉന്നതതല അദ്ധ്യാത്മത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രവൃത്തിയാണ് കാമധേനു. മാതാവിന്റെ മുലപ്പാല്‍ കുടിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ആനന്ദമാണ് ഇതു സാധകനു പ്രദാനം ചെയ്യുന്നത്. ഇതിനുതന്നെ ആത്മാനന്ദം, ബ്രഹ്മാനന്ദം, പരമാനന്ദം എന്നു പറയുന്നു. പൂര്‍ണത്വത്തിന്റെ പരമസംതൃപ്തി ലഭിക്കുക എന്നതാണ് മനുഷ്യജീവിതലക്ഷ്യം. ഗായത്രിയുടെ ഉന്നതതലത്തിലുള്ള അനുഗ്രഹം ഈ രൂപത്തില്‍ ലഭ്യമാകുന്നു. ഈ സംതൃപ്തിയാകുന്ന ഉപലബ്ധി ഗായത്രിയുടെ വരദാനമാണ്. ഗായത്രീസാധകര് ഈ ദൈവീകാനുകമ്പയുടെ രസാസ്വാദനവും സാധനയുടെ സാഫല്യവും അനുഭവിക്കുന്നു.
ഗായത്രിയില്‍ ‘ഗ’ സംബന്ധമായ അഞ്ചു ശ്രേഷ്ഠതത്ത്വങ്ങള് ഉള്‍ക്കൊള്ളുന്നുണ്ട് ഗായത്രി, ഗംഗ, ഗൗ, ഗീത, ഗോവിന്ദം. ഗംഗയുടേയും ഗായത്രിയുടെയും ജന്മദിനം ഒന്നാണ്. ഗോസേവ കൂടി ചേരുമ്പോള്‍ അതു ത്രിവേണി ആയിത്തീരുന്നു. ഗായത്രീ ഉപാസന സഫലമാകാന്‍ ഗോമാതാവുമായുള്ള അടുപ്പം എല്ലാത്തരത്തിലും സഹായകമാണ്.
ഗായത്രിയെ കാമധേനു എന്നു പറയുന്നു. കാമധേനു, പയസ്വിനി ഇവ പര്യായപദങ്ങളാണ്. കാമധേനുവിനെപ്പറ്റി ശാസ്ത്രകര്ത്താക്കള് പറഞ്ഞിരിക്കുന്നത്, അതു കല്പവൃക്ഷത്തെപ്പൊലെ അഭിലാഷങ്ങള്‍ പൂര്ത്തീകരിച്ചുതരാനുള്ള വൈശിഷ്ട്യം നിറഞ്ഞതാണെന്നാണ്. ഈശ്വരനുപോലും പൂര്‍ണമായി കൊടുക്കാനാവത്തവണ്ണം അതിരറ്റതാണ് അഭിലാഷങ്ങള്‍. എന്നാല്‍ അഭിലാഷങ്ങളെ പരിഷ്കൃതമാക്കിയാല് അഭിലാഷപൂര്ത്തിമൂലം ഉളവാകുന്നുവെന്നു സങ്കല്പിക്കുന്ന ആനന്ദം അനുഭവിക്കാനാവും.
ദേവന്മാര് ആപ്തകാമന്മാരാണ്. ആരുടെയാണോ സകല അഭിലാഷങ്ങളും പൂര്ണമായിത്തീരുന്നത്, അവരാണ് ആപ്തകാമന്മാര്‍. സദ്ഭാവന എന്നു പറയുന്ന ഉന്നതമായ അഭിലാഷങ്ങള്‍ മാത്രമാണ് സഫലവും സംതൃപ്തവുമാകുന്നത്. ഉല്കൃഷ്ടചിന്തകളും ആദര്‍ശങ്ങളും പുലര്‍ത്തുവാന്‍ ആര്‍ക്കും വൈഷമ്യങ്ങള്‍ ഉണ്ടാകാനിടയില്ല. എതു പരിതസ്ഥിതിയിലും സദ്ഭാവനകള്‍ ചരിതാര്‍ത്ഥമാക്കാന്‍ സാധിക്കുന്നതാണ്. ആപ്തകാമന്മാര്ക്കു മാത്രമേ സന്തുഷ്ടിയുടേയും സംതൃപ്തിയുടേയും ശാന്തിയുടേയും ആനന്ദം ലഭിക്കുകയുള്ളൂ. കല്പവൃക്ഷം സ്വര്‍ഗത്തിലാണുള്ളത്, ദേവന്മാര് ആപ്തകാമന്മാരാണ്, കല്പവൃക്ഷം അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നു ഈ പ്രതിപാദ്യങ്ങളെല്ലാം ഒരേ വസ്തുതയാണ് തെളിയിക്കുന്നത് അതായത്, ദേവത്വവും ആപ്തകാമമനഃസ്ഥിതിയും ഒന്നുതന്നെയാണ്. അതൃപ്തിയുടെ വ്യാകുലത ദേവന്മാരെ ബാധിക്കുന്നില്ല. മോഹാഭിലാഷങ്ങളില്‍ പരിവര്‍ത്തനം വരുത്തി അവയെ സദ്ഭാവനകളും ശുഭചിന്തകളുമായി മാറ്റുന്നതുമൂലമാണ് ഇതു സാദ്ധ്യമാകുന്നത്. ആശകളും അഭിലാഷങ്ങളും ഉടനടി സാധിച്ചുതരുന്നു എന്നുള്ളതാണ് കല്‍പവൃക്ഷത്തിന്റെയും കാമധേനുവിന്റെയും വൈശിഷ്ട്യം. ഗായത്രിയെ കല്പവൃക്ഷമെന്നും കാമധേനുവെന്നും പറയുന്നു. അതിന്റെ ശീതളച്ഛായയില്‍ ഇരുന്ന് പയഃപാനം ചെയ്യുന്നവര്‍ ആപ്തകാമന്മാരായി കഴിയുന്നു. അഭിലാഷങ്ങള്‍ പരിഷ്കൃതമാവുകയും വ്യാമോഹങ്ങള്‍ അവസാനിക്കുകയും ചെയ്യുമ്പോള്‍ അപാരമായ സന്തോഷവും ആനന്ദവും ലഭിക്കുന്നു. കാമധേനു ഇത്തരത്തിലാണ് അഭിലാഷങ്ങള്‍ വര്‍ഷിക്കുന്നത്. വസിഷ്ഠഋഷിയുടെ പക്കല്‍ കാമധേനുവിന്റെ പുത്രിയായ നന്ദിനി ഉണ്ടായിരുന്നതായി കഥയുണ്ട്. അത് വിശ്വാമിത്രമഹാരാജാവിനു സമ്മാനങ്ങള്‍ നല്‍കുകയും ദുഷ്കര്‍മ്മത്തിന് ശിക്ഷിക്കുയും ചെയ്യുകയുണ്ടായി. നന്ദിനിയുടെ ഈ അത്ഭുതശക്തി കണ്ട് ആശ്ചര്യചകിതനായ വിശ്വാമിത്രന് രാജ്യം വെടിഞ്ഞ് തപസ്സിനുപോകാന് തീരുമാനമെടുത്തു. ഇതാണു നന്ദിനി അഥവാ കാമധേനു.
കാമധേനുവിന്റെ പയസ്സു പാനം ചെയ്യുന്ന ദേവന്മാരെ ജരാനര ബാധിക്കുന്നില്ല. അവര്‍ അജരന്മാരും അമരന്മാരുമായി കഴിയുന്നു. അജരന്മാര് എന്നാല്‍ ജരാനര ബാധിക്കാത്തവര്‍, വാര്‍ദ്ധക്യം പിടിപെടാത്തവര്‍, ചിരയൗവനത്തിന്റെ ആനന്ദം അനുഭവിക്കുന്നവര്‍, ശാരീരികനിയമപ്രകാരം ഇതു സാദ്ധ്യമല്ല. സൃഷ്ടിയുടെ വ്യവസ്ഥപ്രകാരം എല്ലാ ശരീരങ്ങള്‍ക്കും ജന്മമരണചക്രത്തില്‍ കറങ്ങേണ്ടിയിരിക്കുന്നു. സമയാനുസരണം വാര്‍ദ്ധക്യവും സംഭവിക്കുന്നു. കാമധേനുവിന്റെ പയഃപാനംമൂലം ലഭിക്കുമെന്നു പ്രതിപാദിച്ചിരിക്കുന്ന ആരോഗ്യവും സൗന്ദര്യവും ശാരീരികമല്ല, പ്രത്യുത, മാനസികവും ആത്മീയവുമാണ്. ഗായത്രിയുടെ ഉപാസകര്‍ കാമധേനുവിന്റെ കൃപയ്ക്ക് പാത്രീഭവിച്ച് മാനസികമായി സദാ യുവാക്കളായി കഴിയുന്നു. അവരുടെ ആശാഭിലാഷങ്ങള്ക്കു മങ്ങലേല്ക്കുന്നില്ല. കണ്ണുകളില്‍ തിളക്കവും മുഖത്തു തേജസ്സും ചുണ്ടില്‍ മന്ദഹാസവും സദാ വിളയാടുന്നു. ഇതാണു ചിരയൗവനം. അതാണു അജരാവസ്ഥ. കാമധേനുവിന്റെ, ഗായത്രിയുടെ പ്രത്യക്ഷ വരദാനമാണിത്. കാമധേനുവിന്റെ പയസ്സു പാനം ചെയ്യുന്നവര്‍ അമരന്മാരായിത്തീരുന്നു. ശരീരം ധരിക്കുന്ന ഏതൊരാള്‍ക്കും സമയമാകുമ്പോള്‍ മരിക്കേണ്ടിവരുന്നു. എന്നാല്‍ ആത്മാവിന്റെ യഥാര്‍ത്ഥജ്ഞാനം ലഭിക്കുമ്പോള്‍ അമരത്വത്തിന്റെ അനുഭവം ഉളവാകുന്നു. ശരീരം മാറിക്കൊണ്ടിരുന്നാല്ത്തന്നെയും ആത്മജ്ഞാനികള മരണം ബാധിക്കുന്നില്ല. ഇവരുടെ സല്‍ക്കര്‍മങ്ങളും ആദര്‍ശങ്ങളും അനുകരണീയമായതിനാല് ഇവരുടെ കീര്‍ത്തി നീണാള്‍ നിലനില്ക്കുന്നു. ഇക്കാരണത്താലാണ് ഗായത്രിയെ പയസ്വിനി എന്നും കാമധേനു എന്നും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: