ന്യൂദല്‍ഹി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്.
പ്രതിയെ സമ്മര്‍ദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്. നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. അതിജീവിതയയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.
വിജയ്ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ശക്തമായ വാദങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും സര്‍ക്കാര്‍ ഹര്‍ജി തള്ളുകയായിരുന്നു. കേസിനെ തുടര്‍ന്ന് ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി. വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും വിജയ് ബാബു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോള്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കി. എന്നാല്‍ ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന ഹൈക്കോടതി ഉത്തരവ് തിരുത്തി ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി. നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
നടി ഇപ്പോഴും വിജയ് ബാബുവിനെ ബന്ധപ്പെടാന്‍ നോക്കുന്നു എന്ന് വിജയ്ബാബുവിന്റെ അഭിഭാഷകനും കോടതിയില്‍ ആരോപിച്ചു. എന്നാല്‍ നടിയുടെ അഭിഭാഷകര്‍ ഇത് നിഷേധിച്ചു. സമൂഹത്തില്‍ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. വാടകയ്‌ക്ക് എടുക്കുന്നവരെ ഉപയോഗിച്ച് പ്രതികള്‍ അപമാനകരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പരാതി നല്‍കാന്‍ തന്നെ ബുദ്ധിമുട്ടാണെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: