ഭാരതം ബഹിരാകാശ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുത്തന്‍ കുതിപ്പുകള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതാണ് ജിസാറ്റ്-24 വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞത്. ഐഎസ്ആര്‍ഒ നിര്‍മിച്ച നാലായിരത്തിലേറെ ടണ്‍ ഭാരമുള്ള ഈ പുതിയ ഉപഗ്രഹത്തെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍-5 റോക്കറ്റാണ് നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചത്. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍നിന്ന് വിക്ഷേപിച്ച ജിസാറ്റ്-24 ല്‍നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയതിന്റെ ആഹ്ലാദം ഐഎസ്ആര്‍ഒ പങ്കുവയ്ക്കുകയുണ്ടായി. ബഹിരാകാശ വകുപ്പിലെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനത്തിന്റെ കീഴില്‍ വിക്ഷേപിച്ചിട്ടുള്ള ഈ ഉപഗ്രഹം വാര്‍ത്താവിനിമയത്തിനാണ് ഉപയോഗിക്കുക. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള ജിസാറ്റ്-24 ടാറ്റ പ്ലേ എന്ന രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സേവനദാതാക്കള്‍ക്ക് പൂര്‍ണമായും പാട്ടത്തിനു നല്‍കുന്നതിലൂടെ ഈ സ്ഥാപനത്തിന്റെ സേവനം വലിയ തോതില്‍ മെച്ചപ്പെടുകയും ടിവി സംപ്രേഷണം മികച്ചതാവുകയും ചെയ്യും. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ റോക്കറ്റിനെ ആശ്രയിക്കേണ്ടിവന്നത് ഒരു കുറവായി കാണേണ്ടതില്ല. നാല് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷി ഐഎസ്ആര്‍ഒയുടെ റോക്കറ്റുകള്ക്കില്ല.
ജിസാറ്റ്-24 സേവനം പൂര്‍ണമായും സ്വകാര്യ കമ്പനി വിനിയോഗിക്കുന്നത് പുതിയൊരു തുടക്കമാണ്. ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടുള്ള നയത്തിന് രൂപം നല്‍കാനുള്ള തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. ഐടി മേഖലയെപ്പോലെ രാജ്യത്തിന്റെ ബഹിരാകാശ മേഖലയും പുതിയ ഔന്നത്യങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. അടുത്തിടെ അഹമ്മദാബാദില്‍ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്പേസ് പ്രമോഷന് ആന്റ് ഓര്ഗനൈസേഷന് ആസ്ഥാനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് ‘ഇന്‍-സ്പേസ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ ദൗത്യം. ഐഎസ്ആര്‍ഒയുടെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക. ബഹിരാകാശ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഐഎസ്ആര്‍ഒയും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ഇതിനോടകംതന്നെ ധാരണാപത്രത്തില്‍ ഒപ്പുവച്ചുകഴിഞ്ഞു. ബഹിരാകാശ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആരെങ്കിലും തയ്യാറാവുമോയെന്ന് ചിലര്‍ സംശയിച്ചേക്കാമെന്നും, എന്നാല്‍ അറുപതോളം കമ്പനികള്‍ ഇപ്പോള്‍തന്നെ ഇതിനു തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞത് പലരും അത്ഭുതത്തോടെയാണ് കേട്ടത്.
ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥ 400 ബില്യണ്‍ യുഎസ് ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2040 ആകുമ്പോഴേക്കും ഇത് ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ ആകുമെന്ന് വിലയിരുത്തപ്പെടുന്നു. ഭാരതത്തിന്റെ ഇപ്പോഴത്തെ വിഹിതം രണ്ട് ശതമാനം മാത്രമാണെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടെ സമീപഭാവിയില്‍ വലിയ കുതിപ്പുകളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യാനും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുമൊക്കെ സ്വകാര്യ കമ്പനികള്‍ മുന്നോട്ടുവരുന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരിക്കും. ഭാവിയില്‍ ബഹിരാകാശ ടൂറിസത്തിലും ബഹിരാകാശ നയതന്ത്രത്തിലുമൊക്കെ നമുക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും. ഇപ്പോള്‍ പല മേഖലകളിലും എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് സര്‍ക്കാരാണ്. സ്വകാര്യ മേഖലയുടെ പങ്കാൡത്തം ചില ഉപകരണ ഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ ഒതുങ്ങുന്നു. സ്വകാര്യ മേഖല വില്പ്പനക്കാരന് മാത്രമായതിനാല്‍ സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഈ രീതി രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നുവെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. രാജ്യത്തിന് സംഭാവന ചെയ്യാന്‍ യുവാക്കള്‍ മുന്നോട്ടുവരുമ്പോള്‍ അത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം മതിയെന്ന് പറയാനാവില്ല. ബഹിരാകാശരംഗത്തെ സ്വകാര്യ പങ്കാളിത്തം യുവാക്കള്‍ക്ക് വന്‍തോതിലുള്ള അവസരങ്ങള്‍ തുറന്നുനല്‍കുന്നു. അതിനാല്‍ത്തന്നെ ജിസാറ്റ്-24 ന്റെ വിജയകരമായ വിക്ഷേപണത്തിന് അനവധി മാനങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: