ദോഹ: അണ്ടര്‍ 16 ഏഷ്യന്‍ ബാസ്ക്കറ്റ്ബോളില്‍ ഇന്ത്യക്ക് സമ്മോഹന നേട്ടം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ അഞ്ചാമതെത്തി. ഏഷ്യന്‍ ബാസ്ക്കറ്റ്ബോളിലെ കരുത്തരായ ഇറാനെയും ദക്ഷിണ കൊറിയയെയും കീഴടക്കിയാണിതെന്നത് അഭിമാനമായി. 2009, 11 വര്‍ഷങ്ങളില്‍ പത്താമതെത്തിയതാണ് ഇന്ത്യയുടെ മുന്‍പത്തെ വലിയ നേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ തുടരെ രണ്ടാം തവണയും ഓസ്ട്രേലിയ ജേതാക്കളായി.
അഞ്ചാം സ്ഥാനത്തിനുള്ള കളിയില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത് (90-80). ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏഷ്യയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് കൊറിയ. ലോക റാങ്ങിങ്കില് 32-ാം സ്ഥാനക്കാരായ അവര്‍ ചാമ്പ്യന്‍ഷിപ്പില്‍ 2015ലെ ചാമ്പ്യന്മാരുമാണ്. റാങ്കിങ്ങില്‍ അമ്പതിലാണ് ഇന്ത്യ.
കൊറിയയ്ക്കെതിരെ ആദ്യ ക്വാര്‍ട്ടര്‍ 30-19ന് നേടിയ ഇന്ത്യ, ആ മുന്‍തൂക്കം നിലനിര്‍ത്തി. ക്യാപ്റ്റന്‍ ലോകേന്ദ്ര സിങ് 29 പോയിന്റ് നേടി. ജയ്ദീപ് റാത്തോഡ് (20), ഹര്‍ഷ് ദാഗര്‍ (19), കുശാല്‍ സിങ് (18) എന്നിവര്‍ മറ്റു പ്രധാന സ്കോറര്‍മാര്‍. ഏഴാം സ്ഥാനക്കാര്‍ക്കുള്ള കളിയിലാണ് ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തുള്ള ഇറാനെ തോല്‍പ്പിച്ചത് (83-78). കടുത്ത പോരാട്ടത്തില്‍ ടൈബ്രേക്കറിലായിരുന്നു ജയം. ഹര്‍ഷ് ദാഗറാണ് കളിയിലെ ടോപ് സ്കോറര്‍, 25 പോയിന്റ്. കുശാല്‍ സിങ് (19), ലോകേന്ദ്ര (15) എന്നിവര്‍ മറ്റ് പ്രധാന സ്കോറര്‍മാര്‍.
ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ കളിച്ച ഇന്ത്യ, ആദ്യ കളിയില്‍ ഓസ്ട്രേലിയയോട് തോറ്റു (47-95), ഖത്തര്‍ (77-51), ബഹറിന്‍ (80-41) ടീമുകളെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചു (97-53). ക്വാര്‍ട്ടറില്‍ കടുത്ത പോരാട്ടത്തില്‍ ജപ്പാനോട് തോറ്റു (84-91). ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ഇവര്‍ താരങ്ങള്‍: ലോകേന്ദ്ര സിങ് (നായകന്), ജയ്ദീപ് റാത്തോഡ്, മുഹമ്മദ് ഇഷാന്, ഹര്‍ഷ് ദാഗര്‍, കുശാല്‍ സിങ്, സാഹിബ്ജിത് സിങ് ഭുല്ലര്‍, ജന്മേജയ് സിങ്, ലാവിഷ്, അഭിമന്യു ഗോവിന്ദരാജന്‍, സഞ്ജു ഗാജ്ഭിയെ, കുശാല്‍ ഗൗഡ, ഷെയ്ഖ് ഫയാസ്. മുഖ്യ പരിശീലകന് വാസ്ലിന് മാറ്റിക്, പരിശീലകന് മോഹിത് ഭണ്ഡാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: