കണ്ണൂർ: അപ്രതീക്ഷിതമായെത്തിയ കനത്ത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി. റബ്ബര്‍, കശുവണ്ടി, മാമ്പഴ കര്‍ഷകര്‍ക്കാണ് മഴ വലിയ തിരിച്ചടിയായിരിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് മഴക്കാലത്തെ ടാപ്പിങ്ങിനായി റെയിന്‍ഗാര്‍ഡ് ഇടുന്ന ജോലി ചെയ്ത് കൊണ്ടിരിക്കേയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിറങ്ങിയത്. റബ്ബര്‍ കര്‍ഷകരില്‍ പലരും കാലവര്‍ഷം ജൂണോടെ മാത്രമേയെത്തൂ എന്നതിനാല്‍ റെയിന്‍ഗാര്‍ഡ് ഇടുന്നത് വൈകിപ്പിക്കുകയായിരുന്നു. അപര്‍വ്വം കര്‍ഷകര്‍ പ്ലാസ്റ്റിക്കിട്ടു കഴിഞ്ഞെങ്കിലും നല്ലൊരു ശതമാനം കര്‍ഷകരും ഇതുവരെ റെയിന്‍ഗാര്‍ഡിട്ടിട്ടില്ല. ചിലരാവട്ടെ പാതി മരങ്ങള്‍ക്ക് പ്ലാസ്റ്റിക്കിട്ട അവസ്ഥയിലാണ്. മഴ നിന്ന് മരം ഉണങ്ങിയാല്‍ മാത്രമേ റെയിന്‍ഗാര്‍ഡിടാന്‍ പറ്റൂ എന്നതിനാല്‍ മഴ തുടര്‍ച്ചയായി പെയ്യുകയും കാലവര്‍ഷം നേരത്തെ എത്തുകയും ചെയ്താല്‍ നല്ലൊരു വിഭാഗം കര്‍ഷകരുടെയും വര്‍ഷകാല ജീവിതത്തെ കാര്യമായി ബാധിക്കും.
അപ്രതീക്ഷിതമായെത്തിയ മഴ റബ്ബര്‍ കര്‍ഷകരെ എന്നത് പോലെ മറ്റ് കര്‍ഷകരേയും ബുദ്ധിമുട്ടിലാക്കി. കാലവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള മുന്നൊരുക്കങ്ങളൊന്നും നടത്തും മുമ്പെ മഴ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത്. കശുവണ്ടി വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതിനിടയില്‍ മഴയെത്തിയത് മേഖലയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഇത്തവണ പൊതുവേ കശുവണ്ടി ഉല്‍പ്പാദനം കുറവാണെന്നിരിക്കെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടയിലാണ് കുനിന്മേല്‍ കുരു പോലെ വേനല്‍മഴ തുടര്‍മഴയായെത്തിയത്. മഴ ശക്തമായതോടെ കശുവണ്ടിയുടെ വിലയിടിഞ്ഞു എന്നു മാത്രമല്ല, കടകളിലെടുക്കാത്ത സ്ഥിതിയും സംജാതമായിരിക്കുകയാണ്.
മാമ്പഴ കര്‍ഷകര്‍ക്കും മഴ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. വൈകി മാത്രം മൂപ്പെത്തുന്ന നമ്പ്യാര്‍ മാങ്ങകളടക്കമുളള മാങ്ങകള്‍ വിളവെടുക്കാതെ മാവില്‍തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. തുടര്‍ച്ചയായി മഴ പെയ്തതോടെ മാങ്ങകള്‍ പറിച്ചെടുക്കാന്‍ സാധിക്കാതായി. മാത്രമല്ല മഴപെയ്തതോടെ മാങ്ങകള്‍ അടിഞ്ഞു തുടങ്ങുകയും പക്ഷികളും മറ്റും കൊത്തി നശിപ്പിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. കൂടാതെ മഴ വന്നതോടെ പുഴുക്കളും മാങ്ങകളില്‍ വ്യാപകമായിരിക്കുകയാണ്.
നേന്ത്രവാഴ കര്‍ഷകരുള്‍പ്പെടെയുളള മറ്റ് കര്‍ഷകരും വഴിതെറ്റി വന്ന മഴയോടൊപ്പമുളള കാറ്റിന്റെ കാര്യത്തില്‍ ഏറെ ആശങ്കയിലാണ്. പോയ വര്‍ഷങ്ങളില്‍ വെളളപ്പൊക്കം, കാറ്റില്‍ വാഴകള്‍ നിലംപൊത്താതിരിക്കാന്‍ ഊന്ന് കൊടുക്കുന്നതും പതിവാണ്. ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തും മുമ്പെത്തിയ മഴ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇപ്പോഴുളള മഴ ഇടതടവില്ലാതെ കാലവര്‍ഷമായി പരിണമിച്ചാല്‍ കാര്‍ഷിക മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും തിരിച്ചടിയാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: