കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയയില്‍ ഒരു കോടി രൂപയുടെ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിശ്ചയിച്ച അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്, പയ്യന്നൂര്‍ ഏരിയാക്കമ്മറ്റി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചിട്ടി എന്നിവയുടെ കണക്കിലാണ് ഒരു കോടിയുടെ തിരിമറി കണ്ടെത്തിയത്. പയ്യന്നൂരിലെ ഒരു വിഭാഗം നേതാക്കളാണ് ഫണ്ട് തിരിമറി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
നേരത്തെ സെക്രട്ടറിയായിരുന്നയാളെ വാട്‌സ്ആപ്പ് വിവാദവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. പുതിയ സെക്രട്ടറി വന്നതിന് ശേഷമാണ് ഫണ്ട് വിവാദം പുറത്തായത്. സിപിഎം സംസ്ഥാനക്കമ്മറ്റിയംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്. തിരിമറി നടത്താന്‍ വ്യാജ രസീത് ഉപയോഗിച്ചതായി വ്യക്തമായി. ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ചിട്ടിയിലെ ഒരു നറുക്കിന് പിരിച്ചെടുത്ത തുക കണക്കില്‍ ഉള്‍പ്പെടുത്തിയില്ല. 15,000 പേരില്‍ നിന്ന് 1000 രൂപ സമാഹരിച്ചായിരുന്നു ചിട്ടി നടത്തിയത്. ഭീമമായ തുകയുടെ ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
















