പാലക്കാട് : എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയ അക്രമിസംഘം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് അറിയില്ലെന്ന് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ പിതാവ് ആറുമുഖന്‍. സഞ്ജിത്ത് കൊല്ലപ്പെടും മുമ്പ് തന്നെ കാര്‍ വര്‍ക്ഷോപ്പിലായിരുന്നു. മകന്റെ മരണത്തിന് ശേഷം കാറിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയില്ലെന്നും പിതാവ് പ്രതികരിച്ചു.
കാര്‍ എവിടെ എന്ന് സഞ്ജിത്തിനോട് ചോദിച്ചിരുന്നു. പാലക്കാടുള്ള വര്‍ക്ഷോപ്പില്‍ റിപ്പയറിങ്ങിനായി കൊടുത്തിരിക്കുകയാണെന്നാണ് മറുപടി നല്‍കിയത്. മകന്റെ മരണത്തിന് ശേഷം വാഹനത്തെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ആറുമുഖന്‍ പറഞ്ഞു. താനിപ്പോള്‍ തിരുപ്പൂരിലാണ് ഉള്ളത്. സുബൈറിനെ കൊലപ്പെടുത്താന്‍ സഞ്ജിത്തിന്റെ കാറാണ് ഉപയോഗിച്ചതെന്ന് വാര്ത്തകിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വര്‍ക്ക്ഷോപ്പില്‍ നല്‍കിയിരുന്നു. ഏത് വര്‍ക്ക്ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തന്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അര്‍ഷിക പറഞ്ഞു.
കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചംഗ സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കോഴിക്കോട് രജിസ്ട്രേഷനിലുള്ള കെഎല്‍ 11 എ.ആര് 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. വാളയാര്‍ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ കാര്‍ കണ്ടെത്തിയത്.
പ്രതികളെ ഉടന്‍ പിടികൂടാനുള്ള നീക്കവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം നടന്നത് നവംബറിലാണ്. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിയത് സുബൈര്‍ കൊലപാതകത്തിന് കാരണമായെന്ന ആരോപണുമുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: