ആലപ്പുഴ: തിരുവിതാംകൂര്‍ പടത്തലവനായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ വീരാഹുതി ദിനം ആചരിച്ച് ഹിന്ദു ധര്‍മ്മ പരിഷത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വീരായനം പരിപാടികളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പത്മനാഭ പിള്ളയുടെ മൂര്‍ത്തീ പ്രതിഷ്ഠയുള്ള അമ്പലപ്പുഴ ശങ്കരനാരായണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് അഡ്വ ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ധര്‍മ്മപരിഷദ് അധ്യക്ഷന്‍ എം. ഗോപാല്‍ അധ്യക്ഷത വഹിച്ചു. വേട്ടക്കാരന്മാര് എഴുതിയ ചരിത്രം വായിച്ച് വരുന്ന നമ്മുടെ ജനതയ്ക്ക് മുന്നില്‍ അധിനിവേശ ശക്തികളായ ടിപ്പു സുല്‍ത്താനും, വാരിയന്‍കുന്നനും ഒക്കെ നായകരാകുമ്പോള് പത്മനാഭ പിള്ളയെ പോലുള്ള യഥാര്‍ത്ഥ നായകര്‍ വിസ്മരിക്കപ്പെടുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശങ്കു ടി ദാസ് പറഞ്ഞു.
ടിപ്പുവിനോടും ശേഷം ബ്രിട്ടീഷുകാരോടും പൊരുതിയ പത്മനാഭപിള്ളയ്ക്ക് ഉചിതമായ ഒരു സ്മാരകം പോലും ഇല്ലാത്തത് അദേഹത്തോടുള്ള ഭരണവര്‍ഗ്ഗത്തിന്റെ അവഗണനയുടെ തെളിവാണെന്ന് അധ്യക്ഷത വഹിച്ച എം. ഗോപാല്‍ പറഞ്ഞു. അനന്തപുരി ഹിന്ദുമഹാ സമ്മേളനം ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കെ രാജശേഖരന്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് മനോജ് കുമാര്‍, വി.എച്ച്.പി നേതാവ് ജയകൃഷ്ണന് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം പ്രിയദര്‍ശിനി ഹാള്‍ കാംപസിലാണ് അനന്തപുരി ഹിന്ദു മഹാ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് കോണ്‍ക്ലേവില്‍ നാല് ദിവസങ്ങളിലായി പ്രമുഖര്‍ പങ്കെടുക്കുന്ന 16 സെമിനാറുകളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: