ഇറക്കത്ത് രാധാകൃഷ്ണന്
നിമി രാജാവിന്റെ എട്ടാമത്തെ ചോദ്യത്തിനുള്ള മറുപടി യോഗീന്ദ്രനായ ചമസന്‍ വിശദീകരിക്കുന്നു: പരമാത്മാവായ വിരാട് പുരുഷനു ശേഷം ജന്മമെടുത്ത നാരായണ ഭഗവാന്റെ മുഖം, ഭുജം, തുട, പാദം ഇവയില്‍ നിന്നാണ് സത്ത്വാദി ഗുണങ്ങളും ആശ്രമങ്ങളും, ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളും ജന്മമെടുത്തത്. സൃഷ്ടിക്ക് കാരണക്കാരനായ ഭഗവാനെ വിസ്മരിച്ച് കീര്‍ത്തന ഭജനാദികള് നടത്താതെ മായാവലയത്തില്‍പ്പെട്ട് ജീവിക്കുമ്പോള്‍ സ്ഥാനഭ്രഷ്ടരായി നരകത്തില്‍ പതിക്കാനിടവരും.
ഭക്തിയില്ലാത്തവര്‍ അവിദ്യക്ക് വശപ്പെട്ട് അജ്ഞാനികളായി ലൗകികാസക്തിയില്‍ താത്പര്യം പൂണ്ട് ദേഹം, കളത്രം, ഗൃഹം, സന്താനം എന്നിവയില്‍ ഭ്രമിച്ച് കാലം കളയുന്നു. ഭഗവാനേയും ഭക്തിയേയും അവര്‍ ചിന്തിക്കുകയേയില്ല. മദ്യം, മാംസം, സ്ത്രീ സേവ എന്നിവയില്‍ കാലം കഴിക്കുന്നു. ഏഷണിയാല്‍ ബദ്ധരായി കാമക്രോധാദികളില്‍ കര്‍മ്മ വിമുഖരായി ഭഗവദ്കഥ കേള്‍ക്കാത്തവരായി ജീവിക്കുന്നു.
ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും വേദോക്ത കര്‍മ്മങ്ങള്‍ക്ക് യോഗ്യരാണെങ്കില്‍ കൂടി വേദവാദത്തില്‍ മോഹിച്ച് കഴിയുന്നു. പണ്ഡിതന്മാരെന്ന് അഭിമാനിക്കുന്ന ഇവര്‍ വേദവാക്യങ്ങളില്‍ ഭ്രമിക്കുന്നു. രജോഗുണം വര്‍ദ്ധിച്ചതു കൊണ്ട് വിഷയസുഖത്തില് അമിത താല്പര്യത്തോടു കൂടിയവരായി ക്രോധത്തിനടിപ്പെട്ട് പാപകര്മ്മനിരരായി സ്വയം യോഗ്യരാണെന്ന് ഭാവിച്ച് വിഷ്ണുഭക്തന്മാരെ പരിഹസിക്കുന്നു. സര്‍വ്വാത്മാവായ ഈശ്വരനെ ഇവര്‍ അറിയുന്നില്ല. പാപമറിയാതെ ജന്തുഹിംസ ചെയ്തും ആത്മാവിനെ നശിപ്പിച്ച് കഴിയുന്നു.
ഭക്തിയുള്ളവര്‍ സത്തുക്കളാണ്. അവര്‍ അവിദ്യകളായ ദേഹം, ഗൃഹം, കളത്രം, സന്താനം തുടങ്ങിയവയില്‍ ആസക്തരായി കാലം കളയാറില്ല. അസത്തുക്കള് അജ്ഞാനത്തില്‍ മുഴുകി ജീവിതം പാഴാക്കി കളയുന്നു. അവര്‍ക്ക് ഭക്തിയുമില്ല ഭഗവാനുമില്ല. തത്ത്വമറിയാതെ ജന്തുഹിംസ നടത്തി മദ്യം, മാംസം, സ്ത്രീവിഷയം, ഏഷണി തുടങ്ങിയ പ്രാരാബ്ധങ്ങളില്‍ ആമഗ്നരായി ദേഹത്തിലും ഇന്ദ്രിയങ്ങളിലും അഹങ്കരിച്ച് കര്‍മ്മ വിമുഖരായി ഹരിയെ അറിയാതെ പാപഫലത്തെ അനുഭവിക്കുന്നു.
ബ്രാഹ്മണനായി ജനിച്ചിട്ടും ആത്മ ജ്ഞാനവും ബ്രഹ്മജ്ഞാനവുമില്ലാതെ സംസാര ചക്രത്തില്‍ കിടന്ന് ചുറ്റുന്നു. മോക്ഷമോ വിഷ്ണു സായൂജ്യമോ ലഭിക്കാനിടവരുന്നില്ല. ഹരികഥയില്‍ താല്പര്യമില്ലാതെ, സജ്ജനങ്ങളുടെ ഉപദേശം ശ്രവിക്കുവാന് സന്നദ്ധരാകാതെ, ഭഗവാനെ ആശ്രയിക്കാതെ ,കൃതഘ്നന്മാരായി അധഃപതിക്കുന്നു.
ധനാദി സമ്പത്തുകൊണ്ടും ആഭിജാത്യം കൊണ്ടും അതിശ്രേഷ്ഠമായ ബന്ധുബലം കൊണ്ടും എനിക്കു സമനായി ആരുമില്ലെന്ന് അഹങ്കരിച്ച് സജ്ജനങ്ങളെ അപമാനിച്ച് കഴിയുന്നു. അന്യരെ ഉപദ്രവിക്കാനും ദ്രോഹിക്കാനുമാണ് അവരുടെ നേട്ടങ്ങള്‍ ഉപയോഗിക്കുന്നത്. അങ്ങനെയുള്ള പാപികള്‍ സ്വശരീരത്തിലും പരശരീരത്തിലും വിളങ്ങുന്ന ഹരിയെ അറിയുന്നില്ല. ഹരിയെ പൂജിക്കാത്തവര്‍ക്ക് നരകം തന്നെ ഫലം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: