ന്യൂദല്‍ഹി: കെ റെയിലിനെതിരായ സമരത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ എത്തിയതോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും മൗനം. ഈ പ്രശ്നത്തില്‍ പ്രതികരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് സിപിഎമ്മിന്റെ ഈ രണ്ട് കേന്ദ്ര നേതാക്കളും. ഇത് ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടായിരിക്കുകയാണ്.
പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തി കൃത്യമായ നിലപാടെടുത്താണ് മേധാ പട്കര്‍ വിഷയത്തെ സമീപിക്കുന്നത്. ‘പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസ്സിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങിനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായില്ല. ലക്ഷക്കണക്കിന് ആളുകളാണ് പദ്ധതിയുടെ പേരില്‍ നേരിട്ടും അല്ലാതെയും വഴിയാധാരമാവുക. വികസനത്തിന്റെ പേരില്‍ പ്രകൃതിയേയും കേരളത്തിന്റെ സ്വാഭാവികതയേയുമെല്ലാം സര്‍ക്കാര്‍ മറക്കുകയാണ്.’- മേധാ പട്കര്‍ പറയുന്നു.
കെറെയിലില്‍ മേധാ പട്കര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചേ മതിയാവൂ എന്ന നിലപാടാണ് യെച്ചൂരിയ്ക്കും കാരാട്ടിനും ഉള്ളത്. കെ റെയില്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍ അഭ്യര്‍ത്ഥന നടത്തിയത് സിപിഎം കേന്ദ്രനേതാക്കള്‍ക്ക് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിന് പുറത്തുള്ള പല സമരങ്ങളിലും മേധാ പട്കറോടൊപ്പം തോള് ചേര്‍ന്നു നില്ക്കുന്ന നേതാവാണ് യെച്ചൂരി. അതുകൊണ്ട് തന്നെ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാണ് യെച്ചൂരിക്ക്. സിപിഎം ദേശീയ നേതാക്കളായ പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദ കാരാട്ടും ഇക്കാര്യത്തില്‍ മേധാ പട്കറുടെ പക്ഷത്താണ്.
കേരളത്തില്‍ സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തുന്ന യെച്ചൂരി ഇപ്പോള്‍ മാധ്യമങ്ങളില്‍ നിന്നും കെ റെയില്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായിത്തന്നെ യെച്ചൂരി മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു.
ഇതോടെ യെച്ചൂരിയെ സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നു തന്നെ മാറ്റാനുള്ള ശ്രമത്തിലാണ് പിണറായി പക്ഷം. ഈ പദവി കൂടി പിടിച്ചെടുത്താല്‍ സംസ്ഥാന ഭരണം പോലെ സിപിഎം കേന്ദ്രനേതൃത്വവും പിണറായിയുടെ കൈവെള്ളയിലാകും. കേരളത്തില്‍ സിപിഎമ്മില്‍ നിന്നോ മന്ത്രിസഭയില്‍ നിന്നോ ആരും ഇതുവരെ കെ റെയിലിന് എതിരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. എംഎ ബേബിയെപ്പോലുള്ള നേതാക്കളും കെ റെയിലിനെ വാഴ്ത്തിപ്പാടുകയാണ്.
പ്രധാനമന്ത്രി മോദി ഇക്കഴിഞ്ഞ ദിവസം പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ മൗനം പാലിക്കുകയായിരുന്നു. ഇത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ ഇഷ്ടക്കുറവ് തന്നെയാണെന്ന് പിണറായി മനസ്സിലാക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം കേരള ഘടകം പ്രചാരണം നടത്താനാണ് അടുത്ത നീക്കം. പക്ഷെ ഇതിന് കേന്ദ്രസിപിഎം ഘടകത്തിന് താല്പര്യമില്ല. എന്നാല്‍ കേരളത്തിന്റെ കാര്യം കേരളത്തിലെ സിപിഎം തീരുമാനിക്കും എന്ന നിലപാടിലാണ് പിണറായി. കെ റെയില്‍ പദ്ധതിയെ കേരളം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പറഞ്ഞുകഴിഞ്ഞു.
ഇതിനിടെ കല്ലിടലിന് സമ്മതം നല്‍കിയിട്ടില്ലെന്ന റവന്യു മന്ത്രി കെ. രാജന്റെ പ്രസ്തവാന കെ റെയിലിനെയും പിണറായിയെയും വെട്ടിലാക്കിയിട്ടുണ്ട്. എന്തായാലും കെ റെയിലിന് എതിരായ ജനാഭിപ്രായം ശക്തമായി ഉയരുകയാണ് കേരളത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: