ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ച് രാജസ്ഥാന് ബിജെപി എംഎല്‍എ ഗ്യാന്‍ ചന്ദ് പരക്. പ്രധാനമന്ത്രി സാക്ഷാല്‍ മഹാദേവന്റെ അവതാരമാണെന്ന് അദ്ദേഹം ഉപമിക്കുകയും ചെയ്തു. നരേന്ദ്ര മോദി മൂന്നാം കണ്ണ് തുറന്നപ്പോള്‍ തീവ്രവാദികള്‍ രാജ്യത്ത് നിന്നും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു അദ്ദേഹം മോദിയെ പ്രശംസിച്ചത്.
‘പണ്ട് ഹര് ഹര് മഹാദേവ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ഇപ്പോള്‍ ഹര് ഹര് മോദി എന്നാണ് വിളിക്കുന്നത്. മോദിയെ മഹാദേവന്റെ അവതാരത്തോട് ഉപമിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്യാന്‍ ചന്ദ് പരക്കിന്റെ വാക്കുകള്‍. മഹാദേവന് തൃക്കണ്ണ് തുറന്നപ്പോള്‍ എല്ലാം ഭസ്മമായി. മോദി മൂന്നാം കണ്ണ് തുറന്നപ്പോള്‍ രാജ്യത്ത് നിന്നും തീവ്രവാദികള്‍ തുടച്ച് നീക്കപ്പെട്ടു. കശ്മീരില്‍ ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളും പാകിസ്താനെതിരായ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കാന്‍ മോദിയെക്കൊണ്ട് മാത്രമേ സാധിക്കൂ’ എന്നും പരക് കൂട്ടിചേര്‍ത്തു.
നേരത്തെ മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ചുകൊണ്ട് മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലും രംഗത്തെത്തിയിരുന്നു. മോദി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുളളത് എന്നും ബാക്കി 22 മണിക്കൂറും അദ്ദേഹം രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നുമാണ് പട്ടീല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: