ന്യൂദല്‍ഹി: കേരളം, മഹാരാഷ്ട്ര എന്നിവയടക്കം ഒമ്പതു സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) കുറച്ച് ജനങ്ങള്‍ക്കു മേലുള്ള ഭാരം ലഘൂകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു.കേരളം, തെലങ്കാന, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇവയ്ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില.
പല രാജ്യങ്ങളിലും ഇതിനകം പെട്രോള്‍, ഡീസല്‍ വില 50 ശതമാനത്തിലേറെ ഉയര്‍ന്നതായും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തു പോലും ഇന്ത്യയില്‍ ഇവയുടെ വില അഞ്ചു ശതമാനത്തിലേറെ കൂട്ടിയിട്ടുമില്ല. വില ഇന്നും സുസ്ഥിരമായി തുടരുകയുമാണ്.
2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31വരെ ജനങ്ങള്‍ കൊടുക്കേണ്ടിവരുന്ന വിലയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയാണ് എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്. ഇവയുടെ വില കൂടിയ സമയത്ത് കേന്ദ്രം എക്സൈസ് തീരുവ കുറച്ചും ജനങ്ങളുടെ ഭാരം കുറച്ചു. അതിനാല്‍ അവര്‍ക്ക് കൂടിയ വില നല്േകണ്ടിവന്നില്ല. പക്ഷെ ഇതിന് ആനുപാതികമായി ഒമ്പത് സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ല.
അമേരിക്ക, സ്പെയിന്. കാനഡ, ജര്‍മ്മനി, ഫ്രാന്‍സ്. ബ്രിട്ടന് എന്നിവയടക്കം പല രാജ്യങ്ങളിലും വില 50 മുതല്‍ 58 ശതമാനം വരെ കൂടി. ഇന്ത്യയില്‍ കൂടിയത് അഞ്ചു ശതമാനം മാത്രമാണ്. വില കൂടാത്തതില്‍ നാം സന്തോഷിക്കുകയാണ് വേണ്ടത്. ചോദ്യങ്ങള്‍ക്കുത്തരമായി, ഓരോരാജ്യത്തെയും വിലകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും എന്നായിരുന്നു ഉത്തരം. പെട്രോളിനു മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം 2010 ജൂണിലും ഡീസലിനു മേലുള്ളത് 2014 ഏപ്രിലിലുമാണ് നീക്കിയത്. 2021 നവംബര്‍ നാലിനാണ് കേന്ദ്രം പെട്രോള്‍ വാറ്റ് അഞ്ചു രൂപയും ഡീസില്‍ വാറ്റ് പത്തു രൂപയും കുറച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ വഴി 2018-2019ല്‍ 2.14 ലക്ഷം കോടിയും 2019-2020ല്‍ 2.23 ലക്ഷം കോടിയും 2020-2021ല്‍ 3.73 ലക്ഷം കോടിയുമാണ് ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: