തൃശൂര്‍: നഗരത്തിലെ ഒരു സുപ്രസിദ്ധ ഡോക്ടറില്‍ നിന്നും ഹണിട്രാപ്പിലൂടെ പണം തട്ടാന്‍ ശ്രമിച്ച ബെംഗളൂരില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനി നിസയും മണ്ണൂത്തി സ്വദേശിനി നൗഫിയയും പൊലീസ് വലയിലായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളെ നാടകീയമായി പൊലീസ് വലയില്‍ കുരുക്കിയത്.
ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണൂത്തി സ്വദേശിനി നൗഫിയ തുടര്‍ച്ചയായി പ്രണയ സന്ദേശം അയച്ചിരുന്നു. ഇത് കണ്ട് ഡോക്ടര്‍ ആദ്യമൊന്നും മറുപടി അയച്ചില്ല. എന്നാല്‍ പിന്നീട് നൗഫിയ രീതി മാറ്റി ഭീഷണിയായി. തന്നെ പീഢിപ്പിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ പ്രതികരിച്ചില്ല. പിന്നീട് ഒരു പുരുഷന്‍ വിദേശത്ത് നിന്നും ഭീഷണിയോടെ വിളിച്ചു. ഇന്‍റര്‍നെറ്റ് കോളിലൂടെയായിരുന്നു വിളിച്ചത്. ഈ ഭീഷണി കൂടിയായപ്പോഴാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പിന്നീട് ഡോക്ടര്‍ക്ക് വേണ്ടി പൊലീസാണ് ഈ വാട്‌സാപ്പ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് വൈകാതെ പൊലീസ് തിരിച്ചറിഞ്ഞു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മൂന്ന് ലക്ഷം വേണമെന്ന് നൗഫിയ ആവശ്യപ്പെട്ടപ്പോള്‍ തുക നല്‍കാമെന്ന് പൊലീസ് വാട്‌സാപ്പില്‍ അറിയിച്ചു.
പിന്നീടാണ് ബെംഗളൂരുവില്‍ നിന്നും ഒരു യുവതി പണം കൈപ്പറ്റാന്‍ തൃശൂരില്‍ എത്തിയത്. തൃശൂരില്‍ ട്രെയിനില്‍ വന്നിറങ്ങിയ യുവതി വാട്‌സാപ്പില്‍ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ പണവുമായി നില്‍ക്കുന്ന സ്ഥലവും വാഹനവും പറഞ്ഞു കൊടുത്തു. ബെംഗളൂരുവില്‍ ഫിറ്റ്‌നസ് ട്രെയിനറായി ജോലി ചെയ്യുന്ന കായംകുളം സ്വദേശി നിസയായിരുന്നു പണം കൈപ്പറ്റാന്‍ വന്നത്. വാഹനത്തിനടുത്തെത്തിയ നിസയെ പൊലീസ് അറസ്റ്റ് ചെയ്തു.
അധികം വൈകാതെ നിസയുടെ ഫോണില്‍ നൗഫിയയുടെ കാള്‍ വന്നു. മൂന്നു ലക്ഷം തനിക്ക് നല്‍കണമെന്നും നഗരത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ചോദിച്ചായിരുന്നു നൗഫിയയുടെ കാള്‍. നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുറപ്പിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയോടെ കാത്തുനിന്ന നൗഫിയയെ പൊലീസ് പിടികൂടി.
ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെ കൂടി പിടികൂടാനുണ്ട്. ഇതിന് സിബി ഐ വഴി ഇന്‍റര്‍പോളിന്റെ സഹായം തേടുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: