പാലാ: ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേക്കുള്ള ഗ്രാമീണ റോഡുകളും ദേശീയ നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായി.കേന്ദ്ര റോഡ് ഫണ്ട് വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിലാണ് റോഡുകള്‍ നവീകരിക്കപ്പെട്ടത്.
17 കോടി രൂപയാണ് ഈ റോഡുകള്‍ വീതി കൂട്ടി നവീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. കരൂര്‍, മുത്തോലി പഞ്ചായത്തുകളിലായി 6 ഗ്രാമീണ റോഡുകളാണ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
5 മീറ്റര്‍ വീതി ഉറപ്പാക്കിയാണ് റോഡുകളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പുലിയന്നൂര്‍-വള്ളീച്ചിറ, വള്ളിച്ചിറ-മങ്കൊമ്പ്-വലവൂര്‍, വള്ളിച്ചിറ-നെല്ലാനിക്കാട്ട് പാറ- വലവൂര്‍, വലവൂര്‍-ചക്കാമ്പുഴ, നെച്ചിപ്പുഴൂര്‍- ആമേറ്റുപള്ളി – ഫാത്തിമാപുരം എന്നീ റോഡുകളാണ് നവീകരിക്കപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ ഉണ്ടായിരുന്ന ഗ്രാമീണ റോഡുകളാണിവ.
റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ കലുങ്കുകള്‍, ഓട, സംരക്ഷണഭിത്തി എന്നിവയും നിര്‍മിച്ചു. ഫ്ലൂറ സാന്റ് മാര്‍ക്കിംഗ്, റിഫ്ലക്ടിംഗ് സ്റ്റഡുകള്‍, ദിശാബോര്‍ഡുകള്‍, സുരക്ഷാ ബോര്‍ഡുകള്‍ എന്നിവ പൂര്‍ത്തിയായി വരുന്നു.കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള ദേശീയപാതാ വിഭാഗം കാഞ്ഞിരപ്പള്ളി സബ്ഡിവിഷന് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റോഡ് നിര്‍മ്മാണം നടപ്പാക്കിയത്. 2018-ല്‍ ടെന്‍ഡര്‍ ചെയ്ത പദ്ധതി കാലാവസ്ഥ വ്യതിയാനവും മററുമായി നീണ്ടുപോയിരുന്നു.
അവസാന ഘട്ട ടാറിംഗ് വള്ളിച്ചിറ-പുലിയന്നൂര്‍ റോഡില്‍ ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ചു. പ്രാദേശിക കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈന്‍ പുനക്രമീകരണം കലുങ്ക് നിര്‍മാണം എന്നിവയും പൂര്‍ത്തിയായി.
കേന്ദ്ര പദ്ധതിയില്‍ നവീകരിച്ച വള്ളിച്ചിറ-പുലിയന്നൂര്‍ ലിങ്ക് റോഡ് ഈ മേഖലയില്‍ ഒരു പുതിയ ഗതാഗത മാര്‍ഗം കൂടി നാടിന് തുറന്ന് നല്കി.കോട്ടയം-പാലാ സംസ്ഥാന പാതയേയും പാലാ-കോഴ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നേരത്തെ ഉണ്ടായിരുന്ന വീതി കുറഞ്ഞറോഡ് ഇപ്പോള്‍ അഞ്ച് മീറ്റര്‍ ടാര്‍ വീതിയിലാണ് നവീകരിച്ചിരിക്കുന്നത്.
കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി ഭാഗങ്ങളില്‍ നിന്ന് പാലാ അരുണാപുരം മുത്തോലി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും ഉള്ള യാത്രക്കാര്‍ക്ക് കൊട്ടാരമറ്റവും ബൈപ്പാസും ഒഴിവാക്കി തിരക്ക് കുറഞ്ഞ റോഡിലൂടെ തടസ്സമില്ലാതെ ഏറ്റുമാനൂര്‍ റോഡിലേക്കും തിരികെ വൈക്കം റോഡിലേക്കും ഇനി യാത്ര ചെയ്യാമെന്ന ഗുണവുമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നാടിന്റെ വികസനത്തെ കാര്യമായി സ്വാധീനിക്കാന്‍ നവീകരിച്ച റോഡിന് കഴിയും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴില്‍ വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേയ്ക്കുളള റോഡുകള്‍ വീതി കൂട്ടി നവീകരണം പൂര്‍ത്തിയാക്കിയ നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: