രചനാസൗന്ദര്യവും സംഗീത മികവും ഭക്തിയുടെ നിറവും നിറഞ്ഞതാണ് ആലപ്പി രംഗനാഥിന്റെ സംഗീത ശില്പ്പങ്ങള്. സംഗീതം കൊണ്ട് എന്തുനേടാനാകുമെന്ന് ചിന്തിക്കാതെ, സംഗീതത്തിന് എന്ത് സംഭാവന നല്കാന് കഴിയുമെന്ന് ചിന്തിച്ച സംഗീതജ്ഞന്.
സംഗീത ഗവേഷണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള അതിബൃഹത്തായ യജ്ഞം പൂര്‍ത്തിയാക്കി ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള സന്ദര്‍ഭം ബാക്കിവച്ചാണ് സംഗീതാസ്വാദകരുടെ ദാസനായി അറിയപ്പെട്ടിരുന്ന ആലപ്പി രംഗനാഥിന്റെ വിടപറയല്‍. സംഗീതം അദ്ദേഹത്തിന്റെ ജീവിതമാര്‍ഗമായിരുന്നില്ല, പ്രാര്‍ത്ഥനയും ഉപാസനയുമായിരുന്നു.
എണ്ണിയാല്‍ തീരാത്തത്ര ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെങ്കിലും അയ്യപ്പഗീതങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ‘സ്വാമി സംഗീതമാലപിക്കും…’ എന്ന ഗാനത്തിലൂടെയാണ് ആലപ്പി രംഗനാഥ് എന്ന പ്രതിഭയുടെ കടന്നുവരവ്. ഒരു താപസന് എഴുതിച്ചിട്ടപ്പെടുത്തിയ ഗാനം എക്കാലവും ഭക്തിയും സംഗീതവും കൊണ്ട് സ്വാമിഭക്തരുടെ മനസ്സ് നിറയ്ക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.
നാടകരചന, ഗാനരചന, സംഗീത സംവിധാനം തുടങ്ങിയവയില്‍ കഴിവ് തെളിയിച്ച പ്രതിഭയായിട്ടും അതിനനുസരിച്ചുള്ള അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന ദുഃഖം അദ്ദേഹത്ത എപ്പോഴും അലട്ടിയിരുന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി തയാറാക്കിയ ലളിതഗാന ആല്‍ബമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇത് സിനിമാലോകത്തേക്കുള്ള ചവിട്ടുപടിയായി. ജീവിതത്തിന് പുതിയ വഴിത്താര സമ്മാനിച്ച യേശുദാസിനോട് സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ വാക്കുകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. മധുരഗീതങ്ങള്‍, എന്റെ വാനമ്പാടി തുടങ്ങിയ ആല്‍ബങ്ങള്‍ സ്വന്തമായി പാട്ടെഴുതി ചിട്ടപ്പെടുത്തിയതാണ്. തരംഗിണി, രംഗനാഥിന്റെ ജീവവായുവായിരുന്നു.
ശുഭ്രവസ്ത്രം ധരിച്ച് രുദ്രാക്ഷവുമണിഞ്ഞ് നെറ്റിയില്‍ ചന്ദനക്കുറിയും കുങ്കുമവും ചാര്‍ത്തി കടന്നുവരുന്ന ആലപ്പി രംഗനാഥിന് ഊര്‍ജവും പ്രേരണയും ഗാനഗന്ധര്‍വ്വനായ യേശുദാസ് ആയിരുന്നു. ഈശ്വരാംശം നിറഞ്ഞ സംഗീതത്തിന്റെ ഉളളം നിറച്ച് തപസ്സ് ചെയ്യുന്ന യേശുദാസാണ് ത്യാഗരാജസ്വാമികള്‍ക്ക് ശേഷമുള്ള താപസ ഗായകനെന്ന് അദ്ദേഹം എവിടെയും പറയുമായിരുന്നു.
യേശുദാസിന്റെ പ്രേരണയിലാണ് അദ്ദേഹം സംഗീത ഗവേഷണം തുടങ്ങിയത്. കര്‍ണ്ണാടക സംഗീതത്തിന്റെ അടത്തറയായ എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളുടെ അവസാന മിനുക്കുപണിയിലായിരുന്നു. തന്റെ ഗവേഷണ ചിന്തകളെ പാകപ്പെടുത്തുന്നതിന് അദ്ദേഹം കണ്ടെത്തിയത് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര് മഠമായിരുന്നു.
മലയാള സംഗീതരംഗത്ത് ആരും കൈവയ്ക്കാന്‍ തയ്യാറാകാതിരുന്ന മേഖലയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിവരാസനം’ പുരസ്കാരം ആലപ്പി രംഗനാഥിനെ തേടിയെത്തിയത്. അത് അദ്ദേഹത്തിന്റെ ചിരകാല മോഹമായിരുന്നു.
അതിനാല്‍ ശാരീരിക പ്രയാസങ്ങള്‍ മാറ്റിവച്ച് തന്റെ വാത്സല്യഭാജനമായ അയ്യപ്പ സ്വാമിയുടെ സന്നിധിയിലെത്തി പുരസ്കാരം ഏറ്റുവാങ്ങി, മകരസംക്രമ നാളിന് ധന്യം പകര്‍ന്ന് വീരമണി രാജുവിനൊപ്പം അയ്യപ്പ കീര്‍ത്തനങ്ങളും ആലപിച്ച് മനംനിറയെ അയ്യനെ ദര്‍ശിച്ചാണ് കോട്ടയത്തേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: