പത്തനംതിട്ട: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് നടപടികള്‍ ചില ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങുന്നതായി ആക്ഷേപം. എട്ട് ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ട്രഷറി ആസ്ഥാന കാര്യാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ജില്ലാ ട്രഷറിയില്‍ പ്രാഥമിക പരിശോധന നടത്തി ബോധ്യപ്പെട്ടിട്ടും തട്ടിപ്പ് നടത്തിയ ജീവനക്കാരനെ അറസ്റ്റുചെയ്ത് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇതുസംബന്ധിച്ച് റാന്നി പെരുനാട് പോലീസ് കേസ് എടുത്തെങ്കിലും മേല്‍നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് സൂചന.
പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ ഒരു വ്യക്തിയുടെ പേരില്‍, നിലവിലുള വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി വ്യാജമായി ടഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയും മരണപ്പെട്ട ഒരു സ്ഥിരനിക്ഷേപകയുടെ പേരില്‍ പത്തനംതിട്ട ജില്ലാ ട്രഷറിയില്‍ നിലനിന്നിരുന്ന നാല് സ്ഥിരനിക്ഷേപങ്ങളില്‍ ഒരു സ്ഥിരനിക്ഷേപം കാലാവധി പൂര്‍ത്തിയാകും മുന്‍പ് ക്ലോസ് ചെയ്ത് ആ തുകയും ഈസ്ഥിര നിക്ഷേപകയുടെ പേരില്‍ നിലനിന്നിരുന്ന മറ്റ് മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശയിനത്തിലുളള തുകയും അനധികൃതമായി വ്യാജ അക്കൗണ്ടിലേക്ക് വരവ് നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ മരണപ്പെട്ട ഈ സ്ഥിരനിക്ഷേപകയുടെ പേരിലുളള ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് ആയതിലെ നീക്കിയിരിപ്പ് തുകയും വ്യാജമായി നിര്‍മ്മിച്ച അക്കൗണ്ടിൽ വരവ് വച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ ബോധ്യമായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ഇപ്രകാരം അനധികൃതമായി ഈ അക്കൗണ്ടിലേക്ക് പല തവണകളിലായി 8,13,468 രൂപ വരവ് വയ്‌ക്കപ്പെടുകയും ആയതില്‍ നിന്ന് ഏഴ് തവണകളിലായി വിവിധ ട്രഷറികളില്‍ നിന്ന് 8,13,000 രൂപ പിന്‍വലിച്ചതായും ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍പ്രകാരം അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി.
ഈ റിപ്പോര്‍ട്ടിലെ ഗൗരവതരമായ കണ്ടെത്തലുകളുടെ വെളിച്ചത്തിലാണ് നാല് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും ചട്ടലംഘനവും സംഭവിച്ചിട്ടുളളതായി ബോധ്യപ്പെട്ട് ഇവരെ സസ്‌പെന്റു ചെയ്തത്. കോന്നി സബ് ട്രഷറി ഓഫീസര്‍ രജി.കെ.ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രï് കെ.ജി.ദേവരാജന്‍, റാന്നി-പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി.ഷഹീര്‍, ജില്ലാ ട്രഷറി ജൂനിയര്‍ അക്കൗണ്ടൻ്റ് ആരോമല്‍ അശോകന്‍ എന്നിവരെയാണ് സസ്‌പെന്റുചെയ്തത്. ഇതില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതും പണം തട്ടിയെടുത്തതും റാന്നി-പെരുനാട് സബ് ട്രഷറി ട്രഷറര്‍ സി.ടി.ഷഹീര്‍ ആണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.
ട്രഷറിയിലെ സഹപ്രവര്‍ത്തകരുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും മറ്റു മൂന്നു പേരും ഇയ്യാളുടെ തട്ടിപ്പില്‍ ബലിയാടുകളായതാണെന്നുമാണ് അവരുടെ നിലപാട്. സസ്‌പെന്‍ഷനിലായ മൂന്നുപേരും ഭരണാനുകൂല സംഘടനയുടെ സജീവപ്രവര്‍ത്തകരാണ്. തട്ടിപ്പ് ആസൂത്രണം ചെയ്ത ആളെന്ന് ആരോപണവിധേയനായ ജീവനക്കാരന്‍ ട്രഷറിവകുപ്പിലെ തന്നെ ഉന്നതനുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നും പറയപ്പെടുന്നു. ഈസ്വാധീനങ്ങളാണ് മറ്റ് നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങാത്തത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: