അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/നഴ്സിങ് ബിരുദ പ്രവേശനത്തിനായുള്ള ‘നീറ്റ്-യുജി 2021’ കൗണ്‍സലിങ് രജിസ്ട്രേഷന് ജനുവരി 19 ന് ആരംഭിക്കും. 15 ശതമാനം ഓള് ഇന്ത്യ ക്വാട്ട, 100% കല്പിത സര്‍വകലാശാല/സെന്‍ട്രല്‍ യൂണിവേഴ്സിറ്റി/ഇഎസ്ഐസി/എഎന്‍എംഎസ് (രജിസ്ട്രേഷന് മാത്രം)/എയിംസ്/ജിപ്മെര്‍ എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് നടത്തുന്ന ബിഎസ്സി നഴ്സിങ് കോഴ്സുകളില്‍ മാത്രമാണ് അലോട്ട്മെന്റ് ലഭിക്കുക.
നീറ്റ് യുജി 2021 കൗണ്‍സലിങ് രജിസ്ട്രേഷന് ഫീസ് പേയ്മെന്റ് ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്മെന്റ്, റിപ്പോര്‍ട്ടിങ് ഷെഡ്യൂളുകളടങ്ങിയ വിജ്ഞാപനം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ www.mcc.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീറ്റ്-യുജി 2021 ല്‍ യോഗ്യത നേടിയവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാം.
ആദ്യ റൗണ്ട് രജിസ്ട്രേഷന് ഫീസ് പേയ്മെന്റ് നടപടികള്‍ക്ക് ജനുവരി 19 മുതല്‍ 24 വരെ സമയമുണ്ട്. സ്ഥാപനങ്ങളും കോഴ്സുകളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ് നടത്തുന്നതിന് ജനുവരി 20 മുതല്‍ 24 വരെ അവസരം ലഭിക്കും. ചോയിസ് ലോക്കിങ് ജനുവരി 24 വൈകിട്ട് 4 മുതല്‍ രാത്രി 11.55 മണി വരെ നടത്താം. ജനുവരി 27, 28 തീയതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 29 ന് ആദ്യ സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ജനുവരി 30 ഫെബ്രുവരി 4 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നടപടികളിലേക്ക് കടക്കാം.
സെക്കന്റ് റൗണ്ട് അലോട്ട്മെന്റിനായുള്ള കൗണ്‍സലിങ് രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് നടപടികള്‍ ഫെബ്രുവരി 9 നും 14 നും മധ്യേ പൂര്‍ത്തിയാക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം. ഫെബ്രുവരി 19 ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഫെബ്രുവരി 20-26 വരെ തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
ഓള് ഇന്ത്യ ക്വാട്ട/കല്പിത/കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ് റൗണ്ട് രജിസ്ട്രേഷന്, ഫീസ് പേയ്മെന്റ് മാര്‍ച്ച് 23 മുതല്‍ 7 വരെ നടത്താവുന്നതാണ്. ഇതിനിടയില്‍ ചോയിസ് ഫില്ലിംഗ്, ലോക്കിംഗ് നിര്‍വഹിക്കാം. മാര്‍ച്ച് 12 ന് സീറ്റ് അലോട്ട്മെന്റ്. മാര്‍ച്ച് 13 നും 19 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
കല്പിത സര്‍വ്വകലാശാലകളില്‍ റിപ്പോര്‍ട്ട് ചെയ്യാതെയോ പ്രവേശനം നേടാതെയോ ഒഴിഞ്ഞുകിടക്കുന്ന പെയിഡ് സീറ്റുകളിലേക്കുള്ള ‘സ്ട്രേ വേക്കന്‍സി റൗണ്ട്’ നടപടികള്‍ മാര്‍ച്ച് 21 നകം പൂര്‍ത്തിയാക്കി മാര്‍ച്ച് 22 ന് സീറ്റ് അലോട്ട്മെന്റ് നടത്തും. ഇതിന് പുതിയ രജിസ്ട്രേഷനോ പെയ്മെന്റോ, ഫ്രഷ് ചോയിസ് ഫില്ലിംഗോ നടത്തേണ്ടതില്ല. മാര്‍ച്ച് 23-26 വരെ റിപ്പോര്‍ട്ട് ചെയ്ത് നടപടിക്രമം പാലിച്ച് അഡ്മിഷന് കരസ്ഥമാക്കാവുന്നതാണ്.
കൗണ്‍സലിംഗ്, സീറ്റ് അലോട്ട്മെന്റ് നടപടിക്രമങ്ങളും നീറ്റ്-യുജി 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും പങ്കാളികളായ സ്ഥാപനങ്ങളുടെ ലിസ്റ്റുമൊക്കെ www.mcc.nic.in ല്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: